തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ കുമ്മനം രാജശേഖരന്‍.വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതധ്രുവീകരണത്തിനല്ല ആരാധന സ്വാതന്ത്ര്യം എന്ന നിലയിൽ ശബരിമല പരാമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പ് കമ്മിഷനെ തള്ളി രംഗത്തെത്തിയിരുന്നു.

ഇന്ന് ശബരിമലയാണെങ്കിൽ നാളെ മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിലും ഇത് സംഭവിക്കും. മനുഷ്യവകാശ ധ്വംസനമാണ് ശബരിമലയിൽ നടന്നത്. ശബരിമലയെക്കുറിച്ച് എല്ലാ പാർട്ടികളും അഭിപ്രായം പറയണം. ശബരിമല വിഷയത്തിൽ നിന്ന് ഒളിച്ചോടാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെങ്കിൽ അത് വ്യക്തമാക്കണം.

അങ്ങനെയാണെങ്കിൽ ഏറ്റവും സജീവമായ ജനങ്ങളുടെ വിഷയത്തിൽ നിന്നാണ് അവർ ഒളിച്ചോടുന്നത്. സുപ്രീംകോടതി വിധിക്കെതിരെയല്ല ബിജെപിയുടെ പോരാട്ടമെന്നും വിശ്വാസവും ആചാരവും സംരക്ഷിക്കാനാണെന്നും കുമ്മനം വ്യക്തമാക്കി.

സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടീക്കാ റാം മീണ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മതം, ദൈവം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. ഇത് ശബരിമല വിഷയത്തിനു ബാധകമാണെന്നും ടീക്കാ റാം മീണ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിട്ടാണ് മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിക്കിച്ചെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരൻ.