പ്രവാസികൾക്ക് ആശ്വാസം: കുവൈത്ത്-ഇന്ത്യ താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നു

1

കുവൈത്ത്-ഇന്ത്യ താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നു. ആഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ 24 വരെ താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. ഇതോടെ കുവൈത്തില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുകയാണ്.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ കുവൈത്ത് വ്യോമയാന മന്ത്രാലയം അംഗീകരിച്ചതോടെ താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചു.ഇതനുസരിച്ചു ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് പ്രതിദിനം 500 സീറ്റുകള്‍ വീതം അനുവദിക്കുന്നതാണ്. കുവൈത്ത് എയര്‍വേസിന് പ്രതിദിനം 300 സീറ്റുകളും ജെസ്സീറ എയര്‍ വേസിന് 200 സീറ്റുകളുമാണ് കുവൈത്ത് ഡിജിസിഎ അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങി 15 വിമാന താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാവുക.