പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഞായറാഴ്‍ച മുതല്‍ പുതുക്കാം

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച നടപടി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് പുറത്തിറക്കിയ ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ തീരുമാനം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി അറിയിക്കുകയായിരുന്നു.

മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടാണ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. ശമ്പളവും തൊഴില്‍ വിഭാഗവും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതിന് മുന്നോടിയായാണ് എല്ലാ പ്രവാസികളുടെയും ലൈസന്‍സുകള്‍ പുതുക്കുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ടെക്നിക്കല്‍ കമ്മിറ്റി നടപ്പാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.

ഇതോടെ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഞായറാഴ്‍ച മുതല്‍ അവ പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാവും. എന്നാല്‍ 2014ലെ മന്ത്രിസഭാ തീരുമാനപ്രകാരം നിലവില്‍ പ്രാബല്യത്തിലുള്ള നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയുള്ളൂ. ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടി വരും. നിബന്ധനകള്‍ പാലിക്കാതെ ഉപയോഗിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കും.

കഴിഞ്ഞ ഒരാഴ്‍ചയായി പ്രവാസികള്‍ക്ക് കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നുണ്ടായിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ട്രാഫിക് വിഭാഗം നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പുതിയ സംവിധാനം നിലവില്‍ വരുന്നത് വരെ പ്രവാസികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരുടെ ലൈസന്‍സുകള്‍ പുതുക്കാനാവാതെ വന്നതോടെ തീരുമാനം സ്വദേശികളെയും ബാധിച്ചു.