കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികള്‍ ‘ഔട്ട്‌’

1

കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികളെ പിരിച്ചുവിടാന്‍ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം. ഇതുപ്രകാരം 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാല്‍ വിശദമായ പഠനം നടത്താതെ അന്തിമ തീരുമാനത്തില്‍ എത്തില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.

സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഈ വിവരം അറിയിച്ചത്. ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാന്‍പവര്‍ അതോറിറ്റി, എന്നിവരുടെ യോഗത്തിലാണു വിദേശികളുടെ പ്രായപരിധി സംബന്ധിച്ചുള്ള നിര്‍ദേശം ഉയര്‍ന്നു വന്നത്. കൂടാതെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായം നിര്‍ണ്ണയിക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയിലും അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. 65 വയസ് എന്ന നിര്‍ദേശം നല്ലതാണ് എന്ന് ഒരു വിഭാഗം പറയുന്നു. ഇതുവഴി കുംവൈറ്റിലെ വിവിധ മേഖലകളില്‍ വിദേശിയരുടെ ആധിപത്യം നിയന്ത്രിക്കാന്‍ കഴിയും എന്നാണു സൂചന.

സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നതും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കണമെന്നതും ജനപ്രിയ നിര്‍ദ്ദേശമാണെന്ന് പാര്‍ലമെന്റിലെ റിപ്ലെയ്‌സ്‌മെന്റ് സമിതി ചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെ പറഞ്ഞു.

അതേസമയം യോഗ്യതയില്ലാത്ത വിദേശികളെ പിരിച്ചുവിടുന്നതും പ്രശ്‌നമല്ല. അതേസമയം എല്ലാ വിദേശികളെയും പ്രായം അടിസ്ഥാനമാക്കി പിരിച്ചുവിടണമെന്നത് പ്രായോഗിക നിര്‍ദ്ദേശമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ചില മേഖലകളില്‍ പരിചയസമ്പന്നരായ വിദേശികള്‍ക്ക് പകരം നിയോഗിക്കാന്‍ അത്രയും യോഗ്യതയുള്ള സ്വദേശികളെ ലഭിക്കില്ല എന്ന കാര്യവും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.