വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 40,000 പൗരന്മാരെ തിരികെയെത്തിക്കാനൊരുങ്ങി കുവൈത്ത്

0

കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാനൊരുങ്ങി കുവൈത്ത്. 10 ദിവസം കൊണ്ട് നാല്‍പതിനായിരത്തോളം പൗരന്മാരെ തിരികെയെത്തിക്കും. ഏപ്രില്‍ 16 മുതല്‍ 25 വരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ തിരികെയെത്തിക്കാനുള്ള പദ്ധതി. ഇതിനായി 188 വിമാനങ്ങള്‍ ഉപയോഗിക്കും. കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സിന് പുറമെ സ്വകാര്യ കമ്പനിയായ ജസീറ എയര്‍വേയ്സുമായും ഖത്തര്‍ എയര്‍വേയ്സുമായും ധാരണയുണ്ടാക്കിയിട്ടുണ്ട്. ആദ്യം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അതിന് ശേഷം മറ്റ് രാജ്യങ്ങളില്‍ നിന്നുമാണ് കുവൈത്തി പൗരന്മാരെ നാട്ടിലെത്തിക്കുന്നത്.

റിയാദ്, ദുബായ്, മനാമ എന്നിവിടങ്ങളില്‍ നിന്ന് 51 വിമാനങ്ങളിലായി ആദ്യ ദിനം എണ്ണായിരത്തോളം ആളുകളെ കൊണ്ടുവരും. രണ്ടാം ദിനം ഒമാന്‍, ബെയ്റൂത്ത്, സൈപ്രസ്, കെയ്റോ, ഇസ്താംബൂള്‍, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ നിന്ന് 7200 ഓളം പേരെ തിരിച്ചെത്തിക്കും. ഇതിനായി 41 വിമാനങ്ങള്‍ ഉപയോഗിക്കും. പിന്നീട് മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തി പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുവരും. കൂടുതല്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അധിക സര്‍വീസുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.