കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്‍ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാവും അനുവദിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു. അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ മന്ത്രിസഭയുടെയും കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമായിരുന്നു കൊമേഴ്‍സ്യല്‍, ഫാമിലി വിസകള്‍ അനുവദിച്ചിരുന്നത്. ആരോഗ്യ മേഖലയില്‍ അടക്കമുള്ള വളരെക്കുറച്ച് പേര്‍ക്ക് മാത്രമാണ് ഇവ പ്രയോജനപ്പെടുത്താനായത്. എന്നാല്‍ പുതിയ തീരുമാനത്തോടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് അതിനുള്ള തടസങ്ങള്‍ നീങ്ങുകയാണ്.