ലക്ഷദ്വീപിൻ്റെ തലസ്ഥാനമായ കവറത്തി ദ്വീപിൽ പടുകുറ്റൻ ജയിൽ നിർമ്മിക്കുകയാണ്. ഇതിനായി ലക്ഷദ്വീപ് ഭരണകൂടം ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. 30 കോടി രൂപയോളമാണ് ഇതിൻ്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുന്ന ലക്ഷദ്വീപിൽ ഈ പടുകൂറ്റൻ തടവറ നിർമ്മിക്കുന്നതിൻ്റെ ഔചിത്യം എന്താണെന്ന് ഇനിയും പറയേണ്ടതുണ്ട്. നിലവിലുള്ള ചെറിയ ജയിലിൽ പോലും തടവുപുള്ളികൾ ഇല്ലാത്ത പ്രദേശമാണ് ലക്ഷദ്വീപ്. പോയ വർഷം കൊലപാതകമോ കൊലപാതക ശ്രമങ്ങളോ ഒന്നു പോലും ലക്ഷദ്വീപിൽ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ ഈ തടവറ നിർമ്മാണത്തിൻ്റെ പിന്നിലെ അജണ്ട എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.
എന്തിനാണെന്നറിയാൻ ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക് അവകാശവുമുണ്ട്. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമുള്ള ഒരു ഭരണകൂടത്തിനും തടവറ നിർമ്മാണം മുഖ്യ അജണ്ടയായി മാറിത്തീരാൻ പാടില്ല. തടവറകളുടെ എണ്ണവും വലുപ്പവുമല്ല സ്വാതന്ത്ര്യത്തിൻ്റെ വായു വായിരിക്കണം ജനാധിപത്യത്തിൻ്റെ ശക്തി.