ഇവിടെ വാസം സാദ്ധ്യമോ?

0

ഓണവും വിഷുവും വന്നെത്തുന്നത് പോലെ പ്രകൃതി ദുരന്തങ്ങൾ ചാക്രികമായി ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ പറയേണ്ടത് പ്രകൃതി ദുരന്തങ്ങൾ നാം മനുഷ്യർ ക്ഷണിച്ചു വരുത്തുന്ന മനുഷ്യനിർമ്മിതമായ കെടുതികൾ എന്ന് തന്നെയാണ്. വിവരമുള്ളവർ അന്നേ പറഞ്ഞതായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കാൻ അധിക കാലമൊന്നും തന്നെ കാത്തിരിക്കേണ്ടി വരില്ല എന്ന്.

2013 ൽ മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ എത്ര കൃത്യമായിട്ടായിരുന്നു ഈ ലോകത്തോട്, നാം മലയാളികളോട് ഹൃദയം തകരുന്ന വേദനയോടെ വിളിച്ചു പറഞ്ഞിരുന്നത്. ചെന്ന് പതിച്ചതെല്ലാം വിവരമുണ്ടെന്ന് സ്വയം പ്രഖ്യാപിച്ച അല്പ ബുദ്ധികളുടെ ബധിരകർണ്ണങ്ങളിലായിരുന്നു.

ക്വാറി മാഫിയകളുടെയും ഭൂമി കൈയ്യേറ്റക്കാരുടെയും കൂട്ടിക്കൊടുപ്പുകാരായ പക്ഷഭേദമില്ലാത്ത ഭരണാധികാരികൾ ഈ പ്രകൃതി സ്നേഹിയുടെ വിലാപ സമാനമായ അഭ്യർത്ഥനയെ ക്രൂരമായി നിരസിച്ചപ്പോൾ ദുരന്തമുഖത്തുണ്ടാകുന്ന രാഷ്ടീയ ലാഭം മാത്രമായിരുന്ന അവരുടെ കഴുകൻ കണ്ണുകൾക്ക് കാണാൻ കഴിഞ്ഞത്.

ഇന്നലെകളിൽ കവളപ്പാറയിലും പുത്തൂമലയിലും, ഇന്ന് ചൂരൽമലയിലും മുണ്ടക്കൈയിലും, വിലങ്ങാടും സംഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ എവിടെയാണ്, ആരെ യൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് പ്രവചിക്കാൻ ക്വാറി മാഫിയക്കാർക്കും, കൈയേറ്റക്കാർക്കും അവരുടെ പണിയാളുകമായ ഭരണാധികാരികൾക്കും, രാഷ്ടീയ ഭിക്ഷാംദേഹികൾക്കും പറയാൻ കഴിയില്ലെന്ന് നമുക്കറിയാം’ അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാൻ പലതുമുണ്ട്.

ഇവിടെ ജീവനും സ്വത്തും ഒരു ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചത് മുഴുവനും നഷ്ടപ്പെടേണ്ടി വരുന്നതും പാവം മനുഷ്യർക്ക് മാത്രമാണ്. ഇന്ന് സംഭവിച്ച ജീവഹാനിക്ക് ഉത്തരം പറയേണ്ടത് ഇടത് വലത് വ്യത്യാസമില്ലാതെ പ്രകൃതിയെ കൊള്ളയടിക്കാൻ, അത് വഴി പരിസ്ഥിതിയുടെ താളവും സന്തുലിതാവസ്ഥയും നഷ്ടപ്പെടുത്താൻ കൂട്ടുനിന്ന ഈ രാഷ്ടീയ കിങ്കരൻമാർ തന്നെയാണ്.

മനുഷ്യ ജീവിതം സാദ്ധ്യമാകാത്ത രീതിയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടനവധി പ്രദേശങ്ങൾ ആഫ്രിക്കയിലുണ്ടെന്ന് നാം വായിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ വയനാടും പശ്ചിമ നിരകളും അത് പോലെ ഉപേക്ഷിക്കപ്പെടേണ്ടി വരുന്ന “Abandoned Regions ” ആയി മാറിത്തീരുന്ന കാലവും വിദൂരമല്ല എന്ന് പറയേണ്ടി വരും’ “ഇവിടെ വാസം സാദ്ധ്യമോ ” എന്ന കവി വാക്യം മാത്രം ഓർമ്മപ്പെടുത്തുകയും ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.