പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

0

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. സംഘര്‍ഷഭരിതമായ അഞ്ച് വര്‍ഷങ്ങള്‍ക്കൊടുവില്‍ സ്്പീക്കര്‍ക്കെതിരെയുള്ള പ്രമേയത്തിനുകൂടി വേദിയായാണ് സഭ പിരിയുന്നത്. ഇനി നേതാക്കൾ സഭയ്ക്കു പുറത്ത് ജനങ്ങളിലേക്ക്. സമ്മേളനം തീരുന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ നിയമ സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗത കൂടും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും.

സിറ്റിംഗ് എംഎൽഎമാരിൽ കൂടുതൽ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. ഏഴു സിറ്റിംഗ് എംഎൽഎമാരാണ് ഈ കാലയളവിൽ വിട പറഞ്ഞത്. കെ.എം.മാണി, കെ.കെ രാമചന്ദ്രൻ നായർ, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയൻ പിള്ള , പി.ബി അബ്ദുൾ റസാഖ്, കെ.വി വിജയദാസ് എന്നീ എംഎൽഎമാർ വേർപിരിഞ്ഞു.

2021- 2022 വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീരുന്നതിനാല്‍ നാല് മാസത്തെ വോട്ടോണ്‍ അകൗണ്ട് മാത്രമാണ് പാസാകുക. ആറു അടിയന്തര പ്രമേയങ്ങളിൽ സർക്കാർ ചർച്ചയ്ക്കു തയാറായി. 14 സർക്കാർ പ്രമേയങ്ങളും ചർച്ചയ്ക്കു വന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎൽഎയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.