ലതാ മങ്കേഷ്‌കറിന്റെ വിയോഗം: രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം

0

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേര്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

ലതാ മങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നികത്താനാകാത്ത ഒരു വലിയ വിടവ് അവശേഷിപ്പിച്ചാണ് ലത വിടവാങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തലമുറകളുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കിയ പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അതികായകയെന്ന നിലയില്‍ വരുംതലമുറകള്‍ അവരെ ഓര്‍ക്കും. ലതാ ദീദിയുടെ മരണത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ദുഃഖം രേഖപ്പെടുടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു- മോദി ട്വീറ്റ് ചെയ്തു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.