ഇന്ത്യയുടെ വാനമ്പാടിക്ക് വിട: ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

0

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച സഹോദരങ്ങളായ ആശാ ഭോസ്‌ലെയും ഹൃദയനാഥ് മങ്കേഷ്‌കറും ആശുപത്രിയിൽ എത്തിയിരുന്നു. കുടുംബാംഗങ്ങളെ കൂടാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, ബോളിവുഡ് സംവിധായകൻ മധുര് ഭണ്ഡാർക്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി നേതാവ് എം.പി ലോധ ഉൾപ്പെടെയുള്ളവർ ലതയുടെ ആരോഗ്യവിവരം അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

“ഇന്ത്യയുടെ നൈറ്റിംഗേൽ” എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹയായിരുന്നു. ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ലതാ മങ്കേഷ്കർ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, 15 ബംഗാൾ ഫിലിം ജേർണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ മികച്ച വനിതാ പിന്നണി അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.