ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് ഭരണാധികാരികൾ നടപ്പിലാക്കിയ നിയമം ഇപ്പോഴും തുടരുന്നതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ പരാമർശം ശ്രദ്ധേയമാണ്. അത് നമ്മുടെ ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാനുള്ളത് തന്നെയാണ്.
ഒരു മരം വെട്ടാൻ നൽകിയ മഴു മുഴുവൻ വനങ്ങളും വെട്ടി നശിപ്പിക്കാനുള്ളതല്ല എന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എതിർശബ്ദങ്ങളെ അടിച്ചമർത്താനും നിശ്ശബ്ദരാക്കാനും രാജ്യദ്രോഹ കുറ്റം പ്രയോഗിക്കുന്നതിനെയാണ് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടുള്ളത്. ഒരു ജനാധിപത്യ ഭരണ വ്യവസ്ഥയിൽ സർക്കാർ നടപടികളെ വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശവും അധികാരവും ജനങ്ങൾക്കുണ്ടെന്ന് തന്നെയാണ് കോടതി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്.
എതിർശബ്ദങ്ങളെയില്ലാതാക്കാനുള്ള എളുപ്പവഴി അവരെ രാജ്യദ്രോഹികളായി മുദ്രകുത്തി കുറ്റം ചുമത്തുക എന്നുള്ളതാണ് ഇപ്പോൾ ഭരണാധികാരികൾ സ്വീകരിക്കുന്ന എളുപ്പ വഴി. നവ മാധ്യമങ്ങളിൽ അഭിപ്രായം പോസ്റ്റ് ചെയ്യുന്നത് പോലും കുറ്റകരമായി കാണുന്നത് ജനാധിപത്യ ധ്വംസനം തന്നെയാണെന്ന് പറയേണ്ടി വരും. സർക്കാറിനോടുള്ള സ്നേഹവും മമതയും നിയമം വഴി ഉണ്ടാക്കിയെടുക്കാൻ കഴിയില്ല എന്ന മഹാത്മജി യുടെ വാക്കുകൾ മാത്രമേ ഭരണാധികാരികളെ ഓർമിപ്പിക്കുന്നുള്ളൂ.
അവസരത്തിന്നൊത്തുയരുന്ന ജനാധിപത്യത്തിൻ്റെ നാലാം തൂണിൻ്റെ ക്രിയാത്മകമായ ഇടപെടലും നിർദ്ദേശവും നമ്മുടെ ജനാധിപത്യത്തിന് ശക്തി പകരുകയും ഭരണാധികാരികൾക്കുള്ള താക്കീതായി തീരുകയും ചെയ്യട്ടെ. പാതകങ്ങൾ മഴ പോലെ വർഷിക്കുമ്പോൾ “നിർത്തൂ” എന്ന് പറയാൻ ധൈര്യം പ്രകടിപ്പിച്ച സുപ്രീം കോടതി നിർദ്ദേശം അഭിനന്ദനാർഹം തന്നെ.