ഒരു ലെതർ ജാക്കറ്റിന് 1.14 കോടി രൂപ വിലയോ..? അതെ. ലണ്ടനിലെ ക്രിസ്റ്റിസ് ഓക്‌ഷൻ ഹൗസിൽ 2016 ലാണ് വളരെ പ്രസിദ്ധമായ ആ ലേലം നടന്നത്. വിൽപനവസ്തുവായ ജാക്കറ്റ് വാങ്ങിയത്, അതു വിറ്റ കമ്പനി തന്നെയാണെന്നതാണ് അതിന്റെ രസം.
ആരാണ് ആ ജാക്കറ്റ് ഉപയോഗിച്ചിരുന്നത് എന്നറിയുമ്പോഴാണ് കാര്യം വ്യക്തമാകുക– ആൽബർട്ട് ഐൻസ്റ്റീൻ. അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന ലെതർ ജാക്കറ്റ് ഈ പൊന്നും വില കൊടുത്തു വാങ്ങിയതാകട്ടെ, ലോകത്തിലെ നമ്പർ വൺ ഡെനിം കമ്പനിയായ ലീവൈയും (Levis).
1829 ൽ ബവേറിയയിൽ ജനിച്ച ലെവി സ്ട്രോസ് എന്ന ചെറുപ്പക്കാരൻ 1853 ൽ സാൻഫ്രാൻസിസ്കോയിൽ ആരംഭിച്ച ഹോൾസെയിൽ വസ്ത്രവ്യാപാരശാലയാണ് ഇന്ന് ലോകമെമ്പാടും ശാഖകളുള്ള ലീവൈ എന്ന കമ്പനിയായത്. വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ മുതലായവ വിൽക്കുന്ന സാധാരണ കടയില്‍നിന്ന് ഒരു ലോകോത്തര ബ്രാൻഡായി ലീവൈ മാറിയത് ഒരൊറ്റ ഉൽപന്നം കൊണ്ടാണ്. ലീവൈ എന്ന വാക്കിനൊപ്പം നാം സ്ഥിരമായി ഉപയോഗിക്കാറുള്ള ആ വാക്ക് തന്നെ– ജീൻസ്.
1872 ലാണ് നെവാഡ സ്വദേശിയായ ജേക്കബ് ഡേവിസ് എന്ന തയ്യൽക്കാരന്‍ ലെവി സ്ട്രോസിന് ഒരു കത്തയയ്ക്കുന്നത്. എളുപ്പത്തിൽ കീറാത്ത തരം ഡെനിം വർക്കിങ് പാന്റുകൾ നിർമിക്കാൻ താൽപര്യമുണ്ട്, കീറാൻ സാധ്യതയുള്ള ഭാഗങ്ങൾ ബലമുള്ളതാക്കുന്നതിന് കോപ്പർ റിവറ്റുകൾ ഉപയോഗിക്കാൻ ആവശ്യമായ ധനസഹായം നൽകണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. അക്കാലത്ത് ഖനിത്തൊഴിലാളികൾക്കും കർഷകർക്കും ജോലിക്കുവേണ്ടി പരുക്കൻ വസ്ത്രങ്ങൾ ആവശ്യമാണ് എന്നു മനസ്സിലാക്കിയ ലെവി, ഡേവിസിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു.
ആ ഡെനിം പാന്റ് ഉപഭോക്താക്കൾക്കിടയിൽ ഹിറ്റായി. 1873 ൽ ജേക്കബ് ഡേവിസും ലെവി സ്‌ട്രോസും ചേർന്ന് തങ്ങളുടെ ഉൽപന്നത്തിന് പേറ്റന്റ് നേടി. അങ്ങനെ, ഇന്നും ഏവരുടെയും പ്രിയപ്പെട്ട വസ്ത്രമായി തുടരുന്ന ആ നീല ജീൻസിന്റെ അരങ്ങേറ്റവർഷമായി മാറി 1873.
2023 ൽ 150– ാം വാർഷികമാഘോഷിക്കുന്ന ഈ വസ്ത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഒരൊറ്റ പിൻ പോക്കറ്റ്, ഒരു വാച്ച് പോക്കറ്റ്, സസ്പെൻഡർ ബട്ടണുകൾ, ആർക്യൂട്ട് സ്റ്റിച്ചിങ് ഡിസൈൻ – ഇതായിരുന്നു അതിന്റെ ആദ്യ ഘടന. കാലക്രമേണ, ജീൻസിന്റെ രൂപകൽപന അൽപം മാറി, 1901 ൽ രണ്ടാമത്തെ പിൻ പോക്കറ്റും 1922 ൽ ബെൽറ്റ് ലൂപ്പുകളും ചേർത്തു. 1886 ൽ, രണ്ട് കുതിരകളുടെ ചിത്രമടങ്ങിയ ഒരു ലോഗോ ലെതർ പാച്ച് പാന്റിൽ ഉൾപ്പെടുത്താൻ തുടങ്ങി എന്നതല്ലാതെ മറ്റൊരു മാറ്റവും വരാതെയാണ് 501 എന്ന ഈ ലോകോത്തര ബ്രാൻഡ് ജീൻസ് ഇന്നും വിൽക്കപ്പെടുന്നത്.