വോട്ടവകാശത്തിനും ആധാർ കാർഡ്: ശക്തമായ ചുവടുവെപ്പ്

0

ഒടുവിൽ കേന്ദ്ര സർക്കാർ ചരിത്രപ്രധാനമായ ആ തീരുമാനം എടുക്കാൻ പോകുകയാണ്. ജനാധിപത്യത്തിൻ്റെ അർത്ഥവും ശക്തിയും സാർത്ഥകമായിത്തീരുന്നത് ഒരു വ്യക്തി വോട്ടവകാശം രേഖപ്പെടുത്തുമ്പോഴാണ്.
നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിൽ വോട്ടവകാശ വിനിയോഗം നേരും നെറിയുമുള്ള ഒരു പ്രക്രിയയായി കാണാൻ കഴിയുമായിരുന്നില്ല. ബൂത്ത് പിടുത്തവും ആക്രമണങ്ങളും നമ്മുടെ തെരഞ്ഞെടുപ്പുകളിലെ ഒഴിവാക്കാൻ പറ്റാത്ത കലാ പരിപരിപാടിയായി ആവർത്തിക്കുകയായിരുന്നു.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ തന്നെയാണ് എപ്പോഴും ഈ പരിപാടിക്ക് ചുക്കാൻ പിടിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയ കാലോചിതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്നത് തന്നെയാണ് വിദഗ്ദാഭിപ്രായം” വോട്ടിങ്ങ് മെഷീനുകൾ പരക്കെ ഉപയോഗിക്കപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൻ്റെ വിശുദ്ധിയും പവിത്രതയും നില നിർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പോളിങ്ങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാൻ കഴിയുന്ന അവസ്ഥ സാധാരണമായി മാറിയിരുന്നു. രാഷ്ടീയ കക്ഷികൾ നേരിട്ട് തന്നെ ഈ സൗകര്യം ഒരുക്കിക്കൊടുക്കാൻ മത്സരബുദ്ധി കാണിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇതൊഴിവാക്കാൻ ആധാർ കാർഡ് വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു. എന്നാൽ രാഷ്ടീയ നേതൃത്വങ്ങളുടെ എതിർപ്പ് കാരണം ഇതു വരെയും ഈ തീരുമാനം എടുക്കാൻ സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും വൈമനസ്യം കാണിക്കുകയായിരുന്നു. മറ്റെല്ലാ കാര്യങ്ങൾക്കും ആധാർ കാർഡ് നിർബ്ബന്ധമാക്കുന്ന നമ്മുടെ നാട്ടിൽ ഇത്തരമൊരു തീരുമാനം വൈകിപ്പിച്ചതിന് മറുപടി പറയേണ്ടത് രാഷ്ടീയ നേതൃത്വങ്ങൾ തന്നെയാണ്.

എന്നാൽ ഒടുവിൽ പൂച്ചക്ക് മണി കെട്ടാൻ തന്നെ മോദി സർക്കാർ തീരുമാനിച്ചത് ധീരമായ, ചരിത്രപരമായ തീരുമാനമായിത്തന്നെ ചരിത്രം അടയാളപ്പെടുത്താൻ പോകുകയാണ്. അര ലിറ്റർ മണ്ണെണ്ണ വാങ്ങാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമുള്ള രാജ്യത്തിൽ വോട്ടവകാശത്തിനും ആധാർ വെരിഫിക്കേഷൻ നിർബ്ബന്ധമാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത തന്നെയാണ്.

തീർച്ചയായും ഈ തീരുമാനം അഭിനന്ദനാർഹം തന്നെ. വോട്ടവകാശം നേരോടും നെറിയോടും വിനിയോഗിക്കാൻ അവസരമുണ്ടാക്കുന്നത് ജനാധിപത്യത്തെ ബലപ്പെടുത്തുവെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.