മംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് കുവൈത്തിന്‍റെ വക 100 മെട്രിക് ടണ്ണിലേറെ ഓക്സിജന്‍ സഹായം. നാവിക സേനയുടെ കപ്പലുകളിലാണ് ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ മംഗളൂരു തുറമുഖത്ത് എത്തിയത്. നാവിക സേനയുടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ടബാര്‍ എന്നീ കപ്പലുകളിലാണ് ഓക്സിജന്‍ മംഗളൂരുവില്‍ എത്തിയത്.
ഐഎന്‍എസ് കൊച്ചിയില്‍ 20 മെട്രിക് ടണ്‍ വീതമുള്ള മൂന്ന് കണ്ടെയ്നറുകളും സിലിണ്ടറുകളില്‍ 40 ടണ്‍ ഓക്സിജനുമാണ് എത്തിയത്. പത്ത് ലീറ്ററിന്‍റെ ഹൈ ഫ്ലോ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ രണ്ടെണ്ണവും എത്തി. ഐഎന്‍എസ് ടബാറില്‍ 20 മെട്രിക് ടണ്‍ വീതമുള്ള രണ്ട് കണ്ടെയ്നറുകളും അടിയന്തിര ഉപയോഗത്തിന് സിലിണ്ടറില്‍ 30 ടണ്‍ ഓക്സിജനുമാണ് എത്തിച്ചത്.
കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് സഹായം നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിലും കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് ഓക്സിജനുമായി മംഗളൂരുവില്‍ കപ്പലുകള്‍ എത്തിയിരുന്നു.