ക്വാലാലംപൂരിലെ ഈ സ്ഥലത്തെത്തിയാല്‍ എല്ലാവരും കരുതും മുബൈയോ ചെന്നൈയോ ഇവിടെ ബ്രാഞ്ച് തുടങ്ങിയെന്ന്. അത്രമാത്രം ഇന്ത്യന്‍ ചായ് വ് ആണ് ക്വാലാലംപൂരിലെ ലിറ്റില്‍ ഇന്ത്യ എന്ന മേഖല. പേരില്‍ മാത്രമാണ് ഈ ലിറ്റില്‍, കാഴ്ചയില്‍ ഇന്ത്യയുടെ ഒരു നേര്‍കാഴ്ച തന്നെയാണ് ഇവിടെ. ‘ലുക്കില്‍’ മാത്രമല്ല ‘ഫീലിലും’ ഇന്ത്യ തന്നെ.. കാരണം ഇവിടെ നിറയെ തമിഴ്, മാര്‍വാടി, മലയാളി കടകളാണ് . കടകള്‍ മാത്രമല്ല കടയിലെത്തുന്നവരും തമിഴരോ ഗുജറാത്തിയോ ആയിരിക്കും. പോരാത്തതിന് ഈ മേഖലയിലെ കടകളുടെ പേരും, അവിടെ വില്‍ക്കാന്‍ വച്ചിരിക്കുന്ന സാധനങ്ങളും ഇന്ത്യയുടെ തനത് ഐറ്റങ്ങള്‍ തന്നെയായിരിക്കും.
ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികളും ഇവിടെ സന്ദര്‍ശിക്കാതെ മടങ്ങാറില്ല. നാട്ടിലുള്ള കാഴ്ചകള്‍ തന്നെയെങ്കിലും സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ക്വാലാലംപൂരില്‍ ഇത് കാണുമ്പോഴുള്ള ഒരു അതിശയം, അതിനായാണ് ഇന്ത്യന്‍ സഞ്ചാരികള്‍ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്.
ഇന്ത്യയിലെ പോലെ അലങ്കരിച്ച ആര്‍ച്ചുകളാണ് ഇങ്ങോട്ട് സഞ്ചാരികളെ സ്വാഗതം ചെയ്യുക. ഇതാണ് ലിറ്റില്‍ ഇന്ത്യയുടെ മുഖവും.ഇന്ത്യയിലെ പ്രമുഖ ജുവലറികളുടെ ഷോറൂമുകളും ഇവിടെ ഉണ്ട്.
ഭക്ഷണത്തിനും പേരുകേട്ടതാണിവിടം. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് പുറമെ ചൈനീസ് ഭക്ഷണ സാധനങ്ങളും ഇവിടെ രുചിയുടെ കലവറ തീര്‍ക്കുന്നു.