ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

1

ബ്രിട്ടണിൻ്റെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്. ആദ്യ അഞ്ച് ഘട്ടങ്ങളിലും ഇന്ത്യൻ വംശജനായിരുന്ന ഋഷി സുനക് ആണ് മുന്നിട്ടുനിന്നത്.

81,326 വോട്ടുകളാണ് ലിസിനു ലഭിച്ചത്. ഋഷി സുനകിന് 60,399 വോട്ടുകൾ ലഭിച്ചു. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ആദ്യ ഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച ലിസ് ഡേവിഡ് കാമറൺ, തെരേസ മേയ് മന്ത്രിസഭകളിലും അംഗമായിരുന്നു.

പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങു കൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക. സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് നിലവിൽ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. ബോറിസിന്റെ രാജിയും വിടവാങ്ങൽ സന്ദർശനവും ഇവിടെയെത്തിയാകും. 70 വർഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തിൽ ഇതിനോടകം 14 പേരെ അവർ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതെല്ലാം നടന്നത് ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡിലെ ബാലമോറിൽ ചടങ്ങുകൾ നടക്കുക.