ന്യൂഡൽഹി ∙ രാജ്യത്തെ പുതിയ ഐടി ചട്ടപ്രകാരം, കശ്മീരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 2 വെബ്സൈറ്റുകളും 20 യുട്യൂബ് ചാനലുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ്. പാക്കിസ്ഥാനിൽനിന്നുള്ള നെറ്റ്‌വർക്കുമായി ബന്ധപ്പെട്ടാണ് ഈ യുട്യൂബ് ചാനലുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നതെന്നു കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.
കാശ്മീർ, ഇന്ത്യൻ സേന, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രക്ഷേപണം ചെയ്തതായി കണ്ടെത്തിയതോടെയാണു നടപടിയെന്നാണു വിശദീകരണം.
പാക്കിസ്ഥാനിൽനിന്നു പ്രവർത്തിക്കുന്ന നയാ പാക്കിസ്ഥാൻ ഗ്രൂപ്പിനു (എൻപിജി) കീഴിലുള്ള യുട്യൂബ് ചാനലുകളും നിരോധിച്ചു. ഗ്രൂപ്പിനു കീഴിലുള്ള യുട്യൂബ് ചാനൽ നെറ്റ്‌വർക്കിന് 35 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഇവയിലൂടെ പ്രക്ഷേപണം ചെയ്ത ചില വിഡിയോകൾ 55 കോടിയിലധികം ആളുകളാണു കണ്ടതെന്നാണു റിപ്പോർട്ട്.
ഈ ചാനലുകളും വെബ് പോർട്ടലുകളും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചെന്നും പാക്ക് അജൻഡ പ്രചരിപ്പിക്കുന്ന ഇത്തരം സൈറ്റുകൾക്കും യുട്യൂബ് ചാനലുകൾക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.