ലോക കേരള സഭ – റിപ്പോര്‍ട്ട്

0

മലയാളം ഫിലിം ഫെസ്റ്റിവൽ എന്ന ആവശ്യവുമായി പ്രതിനിധികൾ

ലോക കേരളവും കലാസാംസ്‌കാരിക രംഗവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. 36 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മലയാളം മിഷൻ പ്രവർത്തങ്ങൾ ഏറെ ആവേശകരമാണെന്ന് പ്രതിനിധികൾ പറഞ്ഞു. പതിനെട്ട് പ്രതിനിധികൾ സംസാരിച്ച യോഗത്തിൽ സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ,  തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
മലയാളം ഇന്റർനാഷണൽ ലാംഗ്വേജ് കോൺഫറൻസ്  അടുത്തവർഷം ജർമ്മനിയിൽ നടത്തണമെന്ന് ആവശ്യവുമായാണ് ജർമൻ പ്രതിനിധി എത്തിയത്. വിദേശരാജ്യങ്ങളിൽ മലയാളം ഫിലിം ഫെസ്റ്റിവൽ ആവശ്യം യോഗത്തിൽ പ്രധാനമായും ഉയർന്നുവന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ പോലെ കേരള കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ സ്ഥാപിക്കുക, ആഗോളതലത്തിൽ സാംസ്‌കാരിക വിനിമയ കേന്ദ്രം,  നമ്മുടെ സാംസ്‌കാരിക -കലാരംഗത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക്  പരിചയപ്പെടുത്താനായി  സാംസ്‌കാരിക ജാഥ സംഘടിപ്പിക്കുക, സംഗീത നാടക അക്കാദമിയുടെ ചാപ്റ്ററുകൾ പുന:സ്ഥാപിക്കുക, വിദേശ യൂണിവേഴ്സിറ്റികളിൽ മലയാളം പഠിക്കാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയവ ചർച്ചയായി. മലയാളഭാഷ പഠിക്കാനുള്ള ഓൺലൈൻ  കോഴ്സ് വേണമെന്ന് പോളണ്ടിൽ നിന്ന് എത്തിയ മിഥുൻ മോഹൻ ആവശ്യപ്പെട്ടു.
ആഫ്രിക്കൻ പ്രതിനിധിയായി സംസാരിച്ച ടാൻസാനിയയിൽ നിന്നുള്ള സോമി സോളമൻ ഉന്നയിച്ച ആവശ്യം യോഗത്തിൽ ശ്രദ്ധേയമായി. ആഫ്രിക്കൻ കുടിയേറ്റം ആരംഭിച്ചിട്ട് 50 വർഷമായെങ്കിലും അത് ഇതുവരെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. ഇതിനുള്ള മുൻകൈ സർക്കാർ ഒരുക്കണമെന്ന് ആവശ്യമാണ് അവർ ഉന്നയിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും  യോഗത്തിൽ പങ്കെടുത്തു.  


ആഫ്രിക്കയിൽ നിന്നും വിമാന സർവീസ് വേണം

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസ് വേണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ലോക കേരള സഭയിൽ ആവശ്യമുന്നയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് അവർ ഏറെയും പങ്കുവച്ചത്.  നാട്ടിലേക്കുള്ള വിമാന സർവീസുകളുടെ അഭാവം ഉടൻ പരിഹരിക്കണമെന്നും കൊച്ചിയിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സജീവ സാന്നിധ്യം കൊണ്ട് ലോക കേരള സഭ ശ്രദ്ധേയമായി.
എട്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിഷയാടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ  പങ്കെടുത്തു.  ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുടെ നേതൃത്വത്തിൽ നടന്ന   യോഗത്തിൽ ഗതാഗത മന്ത്രി സി.കെ. ശശീന്ദ്രൻ, ജലവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി  എന്നിവർ പങ്കെടുത്തു. മൊസാമ്പിക്ക്, ബോട്ട്സ്വാനിയ, അംഗോള, കെനിയ, സാംബിയ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളായ മലയാളികളാണ് ചർച്ചയിൽ പ്രധാനമായും പങ്കെടുത്തത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം നീറ്റ്  പോലുള്ള പ്രവേശന പരീക്ഷയെഴുതുബോൾ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നും അത് പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ വേണമെന്നും അവസരങ്ങളും വെല്ലുവിളികളും ചർച്ചയായ യോഗത്തിൽ  അവർ ആവശ്യപ്പെട്ടു.
ഓവർസിസ് സിറ്റിസൺ രെജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് പോലും വ്യക്തമായ ധാരണയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി പറഞ്ഞു. കൂടാതെ അവിടെ നിന്ന് മെഡിക്കൽ വിദ്യഭ്യാസം പൂർത്തിയാക്കി വരുന്നവർക്കുള്ള അക്രഡിറ്റേഷൻ നേടുന്നതിൽ നിലവിിൽ പ്രയാസം നേരിടുന്നുണ്ട്.  കൂടാതെ നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യവും മുഴുവൻ അംഗങ്ങളും ഉന്നയിച്ചു. മലയാളം മിഷൻ കോഴ്സുകൾക്ക് ആവശ്യമായ അംഗീകാരം, ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ട്രേഡ് ഫേയറുകളിൽ സംസ്ഥാനത്തിന്റെ സാന്നിധ്യം,   സ്റ്റുഡന്റ്സ്  എക്സ്ചേഞ്ച് പോലുള്ള പദ്ധതികൾ എന്നിവയും യോഗത്തിൽ ചർച്ചയായി.
ടൂറിസം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ സംസ്ഥാനത്തിനുള്ള സാധ്യതകൾ യോഗത്തിൽ ഉയർന്നുവന്നു. ആധുനിക ചികിത്സാ സംവിധാനം അത്രത്തോളം ലഭ്യമല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ രോഗികൾക്ക് ആയുർവേദം മുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ വരെ ലഭ്യമാക്കാൻ നമുക്ക് സാധിക്കും. കശുവണ്ടി കൃഷിക്കായി ഹൈടെക് കൃഷിയിടങ്ങൾ ഒരുക്കാൻ മൊസമ്പിക്ക്  പോലുള്ള രാജ്യങ്ങളിൽ ധാരാളം അവസരങ്ങൾ ഉണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, ലോക കേരള സഭ സെക്രട്ടറിയേറ്റ്  പ്രതിനിധി വി.എം. സുനിൽ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.




ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡ് പ്രാബല്യത്തിൽ വരണം

കേരളത്തിൽ നിന്നും  പശ്ചാത്യ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, പാശ്ചാത്യ ഭാഷാ പ്രാവീണ്യം സംബന്ധിച്ച വിഷയങ്ങൾ, തൊഴിൽ പരമായ പ്രശ്നങ്ങൾ എന്നിവ ലോക കേരള സഭയുടെ രണ്ടാം ദിനത്തിൽ ചർച്ചാ വിധേയമായി. പാഠ്യപദ്ധതിയുടെ നവീകരണം, ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡ് പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, ആധാർ / പാൻ കാർഡ് ലഭിക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകൾ, പ്രവാസികളുടെ ഒറ്റപ്പെട്ട് പോകുന്ന മാതാ പിതാക്കളുടെ സംരക്ഷണത്തിനായുളള പദ്ധതി എന്നിവയും ചർച്ച ചെയതു.
യൂറോപ്പ്, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ കേരളീയ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും, കേരളത്തിന്റെ വികസനത്തിനായി പ്രവാസികൾക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചുളള ലഘു വിവരണവും  ചർച്ച ചെയ്തു. പശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളുമായുളള ചർച്ചയിൽ മന്ത്രിമാരായ ടി. എം. തോമസ് ഐസക്ക്, കെ. രാജു, കെ. കെ. ശൈലജ ടീച്ചർ, സെക്രട്ടറി ഷർമിള മേരി ജോസഫ്  തുടങ്ങിയവർ പങ്കെടുത്തു. പ്രവാസികൾ നേരിടുന്ന ഇത്തരം സുപ്രധാന പ്രശ്‌നങ്ങൾ സഭാ സെക്രട്ടറിയറ്റിന്റെ പരിഗണനയിൽ എടുക്കുമെന്നും ആവശ്യമായ വിഷയങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരള വികസനത്തിനായി ഉതകുന്ന നിർദ്ദേശങ്ങൾ ആശ്വാസം പകരുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. ജർമ്മനി, ജോർജിയ, ഇറ്റലി, കാനഡ, നോർവേ, യുഎസ്, യുകെ, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.


തെക്കുകിഴക്കൻ ഏഷ്യയിലെ തൊഴിൽ, വ്യവസായ സാധ്യതകൾ പ്രയോജനപ്പെടുത്തണം

ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച മേഖല സമ്മേളനങ്ങളിൽ ഏഷ്യയിലെ ഇതര രാജ്യങ്ങൾ എന്ന മേഖലയെ സംബന്ധിച്ച ചർച്ച യിൽ തെക്കുകിഴക്കൻ ഏഷ്യയിലെ തൊഴിൽ, വ്യവസായ സാധ്യതകൾ കേരളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ഫിലിപ്പൈൻസിലെ വിദ്യാഭ്യാസം, അനിമേഷൻ, ഏവിയേഷൻ, ടൂറിസം, സിനിമ വ്യവസായം തുടങ്ങിയ മേഖലകളിൽ മലയാളി വിദ്യാർത്ഥികൾക്കുള്ള സാധ്യതകളും  ജാപ്പനീസ് ഭാഷാപഠനസൗകര്യം  തുടങ്ങിയാൽ ഉണ്ടാകുന്ന അവസരങ്ങളും ചർച്ച ചെയ്യപ്പെട്ടു. ബംഗ്ലാദേശിലും, വിയറ്റ്നാമിലും ഉള്ള വ്യവസായങ്ങളിൽ കേരളത്തിന്റെ പങ്ക്, കേരളത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാനായി കേരള കൈത്തറി ബ്രാൻഡ്് രൂപീകരിക്കുക, കേരളത്തിലെ എൻജിനീയറിംഗ് പ്രൊഫഷണൽസിന്റെ വൈദഗ്ധ്യം  വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുക, ,കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്ന രീതിയിൽ കരിയർ ഗൈഡൻസ് ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയിൽ നിർദേശിക്കപ്പെട്ടു. തൊഴിലന്വേഷകർ നോർക്ക സേവനങ്ങൾ മനസ്സിലാക്കാതെ വിദേശങ്ങളിൽ കബളിപ്പിക്കപ്പെടുന്നതും ജയിലിൽ ആകുന്നതുമാണ് ഉന്നയിക്കപ്പെട്ട മറ്റൊരു പ്രധാന വിഷയം. വിസ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ കൃത്യമായ ചെക്ക് പോയിന്റ്സ് വേണം എന്നതും ആവശ്യമായി. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിർദേശങ്ങൾ ക്രോഡീകരിച്ച് തുടർനടപടിക്കായി സഭയുടെ മുന്നിൽ വെക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവർ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ലോക കേരളസഭ സെക്രട്ടേറിയറ്റ് പ്രതിനിധി ഡോ. ദേവ് കിരൺ , മുൻ സ്റ്റാംന്റിംഗ് കമ്മിറ്റി അംഗം   .സി.വി.റപ്പായി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഹോങ്കോംഗ്, തായ്‌ലന്റ്, സിംഗപ്പൂർ,ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ജപ്പാൻ,ബംഗ്ലാദേശ്, ബ്രൂണെ, വിയറ്റ്നാം, മാലിദ്വീപ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.


ലോക കേരള സഭ കരട് ബിൽ അവതരിപ്പിച്ചു
ലോക കേരള സഭയ്ക്ക് നിയമപരമായ ആധികാരികത നൽകുകയെന്ന ലക്ഷ്യത്തോടെ ലോക കേരള സഭ കരട് ബിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു. ലോക കേരള സഭയുടെ നിർവചനം, രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, അംഗത്വം, യോഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റികൾ, അധികാരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കരട് ബിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ സമ്മേളനത്തിൽ ഡോ. ആസാദ് മൂപ്പനാണ് അവതരിപ്പിച്ചത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്കും സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾക്കും ആധികാരിക സ്വഭാവം നൽകുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ശക്തമായ നിയമത്തിന്റെ പിൻബലം ആവശ്യമാണെന്ന് കരട് ബിൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബില്ല് നിയമമാവുന്നതോടെ ലോക കേരളത്തിന്റെ പൊതുജനാധിപത്യവേദിയായി ഉയർന്നുവരുവാനും നിയമപരമായി കൂടുതൽ ഊർജവും ഉറപ്പും ആർജിക്കുവാനും ലോക കേരള സഭയ്ക്ക് സാധിക്കും. ഇപ്രകാരം നിയമം നിർമിക്കുവാനുള്ള ഭരണഘടനാപരമായ അവകാശം കേരള നിയമസഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ നടക്കുന്ന തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ഇന്ന് (ജനുവരി 3) നടക്കുന്ന സഭാ സമ്മേളനത്തിൽ കരടിന് അംഗീകാരം നൽകുകയും സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു. സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു.
സഭാ സമ്മേളനത്തിൽ നാല് പ്രമേയങ്ങൾ അവതരിപ്പിച്ചു. സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖ രൂപീകരിക്കുന്നത് സംബന്ധിച്ച് ഒമാനിൽ നിന്നുള്ള പി എം ജാബിർ പ്രമേയം അവതരിപ്പിച്ചു. പ്രവാസികളെ നാടിന്റെ വികസനവുമായി ബന്ധിപ്പിക്കണമെന്നും നയരേഖ അംഗീകരിക്കാൻ മറ്റ് ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പരിഷ്‌ക്കരിച്ച കുടിയേറ്റ നിയമം പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെയും പ്രവാസികളുടെയും അഭിപ്രായം തേടാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഖത്തറിൽ നിന്നുള്ള പി എൻ ബാബുരാജനാണ് അവതരിപ്പിച്ചത്. പ്രവാസികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾ ബില്ലിൽ ഉൾപ്പെടുത്തണമന്നും പ്രമേയം ആവശ്യപ്പെട്ടു.
ആഭ്യന്തര പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ നടപടി എടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട്ടിൽ നിന്നുള്ള കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. പ്രവാസ ലോകത്തിൽ കേരള സംസ്‌ക്കാരത്തിന്റെയും സാഹിത്യത്തിന്റെയും അടിത്തറ വിപുലപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം മാധ്യമപ്രവർത്തകൻ വെങ്കടേഷ് രാമകൃഷ്ണൻ അവതരിപ്പിച്ചു.
സഭാ സമ്മേളനത്തിൽ നടന്ന ചർച്ചയിൽ നിലമ്പൂർ ആയിഷ, ഒ വി മുസ്തഫ, വി കെ റഊഫ്, ഡോ. ചൈതന്യ ഉണ്ണി (ആസ്ത്രേലിയ), എൻ കെ കുഞ്ഞഹമ്മദ്, അജിത്ത് കുമാർ (കുവൈത്ത്), വിദ്യ അഭിലാഷ് (ആഫ്രിക്ക), വി കെ ജയചന്ദ്രൻ (ബ്രിട്ടൻ), അലക്സ് (പഞ്ചാബ്), തൻസി ഹാഷിർ (യുഎഇ), ജോർജ് വർഗീസ് (ദമാം), ആർ പി മുരളി (ഷാർജ), ബിന്ദു പാറയിൽ (ഒമാൻ), സിബി ബാലകൃഷ്ണൻ (വെസ്റ്റ് ഇൻഡീസ്), സ്വപ്ന പ്രവീൺ (യുകെ), സൈമൺ (ഫുജൈറ), വി വി ജയരാജൻ (താൻസാനിയ), അജോയ് (തായ്ലാന്റ്) തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസക്ഷേമപദ്ധതികളുടെ വരുമാനപരിധി ഉയർത്തണം

ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ നടന്ന മേഖലാ സമ്മേളനങ്ങളിൽ പ്രവാസാനന്തര പുനരധിവാസം എന്ന വിഷയത്തിൽ ധാരാളം   നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. വിദേശത്തെ തൊഴിലിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസി മലയാളികളെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ്, കേരള പ്രവാസി വെൽഫെയർ ബോർഡ് എന്നീ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചർച്ചയിൽ വിശദീകരിച്ചു. വെസ്റ്റ് ഇൻഡീസ്,  സാംബിയ, ദുബായ്, സൗദി അറേബ്യ,ഖത്തർ, ബഹറിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിർദേശങ്ങൾ ഉന്നയിച്ചു.മന്ത്രിമാരായ കെ.ടി.ജലീൽ, പി തിലോത്തമൻ എന്നിവർ മറുപടി നൽകി.
പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് മടങ്ങിവരുന്ന പ്രവാസികളുടെ പ്രശ്നങ്ങളാണ്. പ്രവാസക്ഷേമപദ്ധതികളുടെ വരുമാന പരിധിയും പ്രവാസിക്ഷേമനിധി ലഭിക്കേണ്ട പ്രായപരിധിയും ഉയർത്തണം എന്ന ആവശ്യം ഉയർന്നു. വിദേശത്ത് തൊഴിൽനൈപുണ്യം നേടിയവർക്ക്  മടങ്ങി എത്തിയാൽ തൊഴിൽ നൽകുക, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രൂപീകരണം ത്വരിതപ്പെടുത്തുക, ക്ഷേമപദ്ധതികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ കൂട്ടായ്മകൾ രൂപീകരിക്കുക, ക്ഷേമപദ്ധതികളെ കുറിച്ച് വിവരം നൽകുന്ന മൊബൈൽ ആപ്പ് രൂപീകരിക്കുക, ആരോഗ്യപ്രശ്നങ്ങളുമായി മടങ്ങിവരുന്ന പ്രവാസികൾക്ക് ക്ഷേമനിധി പെൻഷൻ കൂടി നൽകുക, സാന്ത്വന പദ്ധതി വഴി തിരിച്ചുവരുന്ന പ്രവാസിക്ക് മരണം വരെ ധനസഹായം ലഭ്യമാക്കുക, പ്രവാസി ബാങ്ക് രൂപീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു.
                       നോർക്ക റൂട്ട്സും, കേരള പ്രവാസി വെൽഫെയർ ബോർഡും വഴി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച്  നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ചർച്ചയിൽ വിശദീകരിച്ചു. എം.രാധാകൃഷ്ണൻ സി.ഇ.ഒ. പ്രവാസി ക്ഷേമനിധി ബോർഡ്, പ്രൊഫ.വി.കെ.രാമചന്ദ്രൻ, രാജൻ ഖൊബ്രഗഡേ, ജയ കിരൺ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രധാനപ്പെട്ട നിർദേശങ്ങൾ ക്രോഡീകരിച്ച് തുടർനടപടിക്കായി സഭയുടെ മുന്നിൽ വക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.


ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ: വിഷയാധിഷ്ഠിത ചർച്ച നടത്തി

ലോക കേരള സഭയുടെ വിഷയാടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പങ്കെടുത്തു.  
സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ, വൈദ്യുതി മന്ത്രി എം.എം മണി എന്നിവർ സന്നിഹിതരായിരുന്നു. സർക്കാർ ജോലികൾക്ക്   മലയാളഭാഷാപഠനം നിർബന്ധമാക്കിയത്  മറ്റു സംസ്ഥാനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും  അതിനു പരിഹാരം കാണണമെന്നുമുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു.
 നോർക്ക ഓഫീസുകൾ എല്ലാം സംസ്ഥാനങ്ങളിലും സ്ഥാപിക്കണം, പ്രവാസി ഭാരതീയ പെൻഷൻ ഉയർത്തണം, സർക്കാർ മുൻകൈയെടുത്ത് ആംബുലൻസ് സർവ്വീസുകൾ,  ഉത്സവ സീസണുകളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിൽ എത്തുവാനുള്ള ബുദ്ധിമുട്ട് എന്നിവയും ചർച്ചയായി.
ആവശ്യങ്ങൾക്ക്  പരിഹാരം കാണുമെന്ന് മന്ത്രി എ. കെ ബാലൻ പ്രതിനിധികൾക്ക് ഉറപ്പുനൽകി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ്, പ്രമുഖ സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ, മനോജ് കെ. പുതിയവിള തുടങ്ങിയവർ പങ്കെടുത്തു

ലോക കേരള സഭ : ആറു പ്രമേയങ്ങൾക്ക് അംഗീകാരം
രണ്ടാം ലോക കേരള സഭ ആറു  പ്രമേയങ്ങൾക്ക് അംഗീകാരം നൽകി. പിഎം ജാബിർ അവതരിപ്പിച്ച ‘സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖയിൽ പ്രവാസികളും പ്രവാസവും ആതിഥേയ രാജ്യത്തിന്റെയും  മാത്രരാജ്യത്തിന്റെയും  വികസനത്തിൽ നിർണായക ചാലക ശക്തിയാണെന്ന  വസ്തുത വിശദമാക്കുന്നു.
പി. എൻ .ബാബുരാജ് അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ ബിൽ 2019(കരട്)  കൂടുതൽ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒ.വി മുസ്തഫ അവതരിപ്പിച്ച കേരള പുനർനിർമ്മാണത്തിൽ പങ്കാളികളാകുക  എന്ന പ്രമേയത്തിൽ നാടിന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന  റീ ബിൽഡ്‌കേരളയിൽ പ്രവാസികൾക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
വെങ്കിടേഷ് രാമകൃഷ്ണൻ അവതരിപ്പിച്ച സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തി പ്രവാസി ലോകത്തെ കേരളസമൂഹത്തിൽ ആഴത്തിലുള്ള ഉൾചേർക്കുക എന്ന  പ്രമേയത്തിൽ  സ്‌നേഹ സഹോദര്യങ്ങളിൽ അധിഷ്ഠിതമായതും വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതുമായ നമ്മുടെ സംസ്‌കാരം വരും തലമുറയിലടക്കം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഫലപ്രദമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.
എൻ.അജിത്കുമാർ അവതരിപ്പിച്ച പ്രമേയം സമഗ്ര പുനരധിവാസ – പുനസംയോജന നയം നടപ്പിൽ വരുത്തണമെന്ന് നിർദ്ദേശിക്കുന്നു. പ്രവാസി പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ സജീവമായി ഇടപെടലുകൾ നടത്തണമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെടുന്നതാണ് കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം.