മുംബൈ: ഭുഷി അണക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ നിയമസഭയിൽ അറിയിച്ചു. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ പോകുന്നത് തടയാൻ ബോർഡുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്കും എസ്പിമാർക്കും നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ജൂൺ 30 ന് ലോണാവാലയിലെ ഭുഷി ഡാമിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ പെട്ട് മുങ്ങിമരിച്ചത്.
ലോണാവാലയിലെ ഭുഷി അണക്കെട്ട് അപകടത്തിന്‍റെ പേരിൽ വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാന നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ പോയിന്‍റ് ഓഫ് ഓർഡർ വഴി എംഎൽഎ ചേതൻ ദുപെയാണ് വിഷയം ഉന്നയിച്ചത്.മരിച്ച കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്നും അത്തരം സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അണക്കെട്ടിലെ സംഭവം ദൗർഭാഗ്യകരമാണെന്ന് പവാർ ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞു. “ഒരു കുടുംബത്തിലെ അഞ്ച് പേർ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകൾ പോകുന്നത് തടയാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർമാർക്കും പോലീസ് എസ്പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.” പവാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഇത്തരം സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി ജില്ലാ ആസൂത്രണ സമിതി മുഖേന ഫണ്ട് ലഭ്യമാക്കുമെന്നും വിവരദായക ബോർഡുകൾ സ്ഥാപിക്കൽ, ഫെൻസിങ്, സുരക്ഷാ വലകൾ സ്ഥാപിക്കൽ എന്നിവ നടത്തുമെന്നും അജിത് പവാർ പറഞ്ഞു.