ലണ്ടന്‍: ഏഴുപതിറ്റാണ്ടോളം ബ്രിട്ടന്റെ രാജസിംഹാസനാതജിലിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. വ്യാഴാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മൊറാല്‍ കാസിലിലായിരുന്നു ഏറ്റവും കൂടൂതല്‍ കാലം ബ്രിട്ടനെ നയിച്ച രാജ്ഞിയുടെ അന്ത്യം.
രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാല്‍ അത് പൊതുജനത്തെ അറിയിക്കുന്നതിനും മറ്റു ചടങ്ങുകള്‍ക്കും കൃത്യമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. രാജ്ഞി മരിക്കുന്ന ദിവസത്തെ ‘ഡി ഡേ’ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. മരണം സ്ഥിരീകരിച്ചാല്‍ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിക്കുകയും ‘ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍’.
ഈ സന്ദേശം ലഭിക്കുന്നതോടെ പ്രധാനമന്ത്രി രാജ്ഞിയുടെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിക്കും. രാജ്ഞിയുടെ അധികാരപരിധിയിലെ 15 സര്‍ക്കാരുകള്‍ക്കും കോമണ്‍വെല്‍ത്തിലെ മറ്റു അംഗരാജ്യങ്ങള്‍ക്കും വിവരം കൈമാറും. പിന്നാലെ യു.കെ. പ്രസ് അസോസിയേഷനും മാധ്യമങ്ങള്‍ക്കും മരണവാര്‍ത്ത അയച്ചുനല്‍കും. ദുഃഖസൂചകമായി എല്ലായിടത്തും പതാക പകുതി താഴ്ത്തുകയും മണികള്‍ മുഴക്കുകയും ചെയ്യും.
രാജ്ഞിയുടെ മരണവാര്‍ത്ത അറിയുന്നതോടെ ബി.ബി.സി.യുടെ പരിപാടികള്‍ നിര്‍ത്തിവെയ്ക്കുകയും പ്രത്യേക റിപ്പോര്‍ട്ടായി മരണവാര്‍ത്ത അവതരിപ്പിക്കുന്നതുമാണ് രീതി. കറുത്ത വസ്ത്രമണിഞ്ഞെത്തുന്ന അവതാരകരാകും രാജ്ഞിയുടെ മരണവാര്‍ത്ത ബി.ബി.സിയില്‍ വായിക്കുക. ഇതോടൊപ്പം ബിബിസിയുടെ ലോഗോ അടക്കമുള്ളവ കറുത്ത നിറത്തിലേക്ക് മാറുകയും ചെയ്യും. പിന്നീടങ്ങോട്ട് ദിവസങ്ങളോളം ബിബിസി അടക്കമുള്ള രാജ്യത്തെ മറ്റു ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളുടെ സമ്പൂര്‍ണ കവറേജാകും ഉണ്ടായിരിക്കുക.