ഈ കനല്‍ അണയില്ല; ലോങ് മാര്‍ച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

1

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന ലോങ് മാര്‍ച്ച് മുംബൈയില്‍. ഇന്നലെ രാത്രിയോടെ മുംബൈ നഗരത്തിലെത്തിയ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആസാദ് മൈതാനത്തിലാണ് പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ സമരം മൂലം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ലോങ് മാര്‍ച്ച് രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്.

ഒരു ലക്ഷത്തോളം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ അണിചേരുന്നത്. ചൊവ്വാഴ്ചനാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷക ജാഥ മുംബൈയിലെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തും. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സമര്കകാര്‍ നിയമസഭാ മന്ദിരം ഉപരോധിക്കും. കൂടുതല്‍ സംഘടനകള്‍ സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.