സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ്

0

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് നടപടി. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദ് ചെയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ ഫയല്‍ ചെയ്തിരുന്നു. ഏത് വിമാനം വഴികടക്കാന്‍ ശ്രമിച്ചാലും പിടികൂടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍ പോളിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതിയാണ് ഫൈസല്‍. വിദേശം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നതും നടപ്പാക്കിയിരുന്നതും ഫൈസലാണ് എന്നാണ് എന്‍.ഐ.എയും കസ്റ്റംസും കണ്ടെത്തിയിരിക്കുന്നത്.

ഫൈസലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മൂന്ന് ബാങ്ക് പാസ്ബുക്കുകളും ലാപ്‌ടോപും പിടിച്ചെടുത്തിട്ടുണ്ട്. ഈ ബാങ്കുകളിലും ഇന്ന് പരിശോധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫൈസലിന് ഈ ബാങ്കുകളില്‍ ലോക്കറുകളുണ്ടോ എന്നും പരിശോധിക്കും. ഫൈസലിന്റെ കയ്പമംഗലത്തെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ വീട് ഒന്നര വര്‍ഷമായി അടഞ്ഞു കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അറ്റാഷേയുടെ പേരില്‍ അയച്ച ബാഗിന്റെ എയര്‍വേ ബില്ലില്‍ രേഖപ്പെടുത്തിയത് ഫൈസലിന്റെ വിലാസമാണ്.ബാഗ് അയക്കാന്‍ അറ്റാഷേയുടെ പേരില്‍ നല്‍കിയ കത്തില്‍ എമിറേറ്റ്സ് ഐഡി നമ്പറും ഫൈസലിന്റെത് തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഫൈസല്‍ ഫരീദിന് യു.എ.ഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ വിട്ട് പുറത്ത് പോകാന്‍ പാടില്ല. യുറോപ്പിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം കേസിന്റെ ആരംഭഘട്ടത്തില്‍, പ്രചരിക്കുന്ന ചിത്രം തന്റേതാണെങ്കിലും തനിക്ക് കേസുമായി ബന്ധമില്ലെന്ന വാദവുമായി ഫൈസല്‍ രംഗത്തെത്തിയിരുന്നു.