മാനസ എന്ന ഇരുപത്തിനാലുകാരിയുടെ അതിദാരുണമായ മരണം കേവലം ഒരു ദിവസത്തെ പ്രൈം വാർത്തയായി അവസാനിക്കേണ്ട ഒന്നല്ല, യുവതീ യുവാക്കൾ തമ്മിലുള്ള പ്രണയം എക്കാലവും സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. കാമുക ഹൃദയങ്ങളില്ലാത്ത ഭൂമി എത്രമാത്രം ഊഷരമായിരിക്കുന്നെന്ന് കഥയിലൂടെയും കവിതയിലൂടെയും സിനിമയിലൂടെയും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വികാര വിവശരായ കാമുകി കാമുകൻമാരുടെ കഥകൾ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. പലപ്പോഴും ആത്മത്യാഗത്തിൻ്റെ മഹനീയമായ മാതൃകകളായിരുന്നു കമിതാക്കൾ നമുക്കായി സംഭാവന ചെയ്തിരുന്നത്. മരണം പോലും മഹത്വമുള്ളതായി മാറുന്ന പ്രണയത്തിൻ്റെ അസുലഭമായ മുഹൂർത്തങ്ങൾ ഉണ്ട്.
പ്രശസ്ത ആംഗലേയ കവിയായ റോബർട്ട് ബ്രൗണിങ്ങിൻ്റെ വിഖ്യാതമായ കവിത “Porphyrias Lover” കാമുകിയെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന കാമുകൻ്റെ മാനസിക അവസ്ഥയാണ് പ്രതിപാദിക്കുന്നത്. എന്നാൽ അത് പകയുടേയോ വിദ്വേഷത്തിൻ്റെയോ കനലെരിഞ്ഞുണ്ടായ പ്രതികാരത്തിൻ്റെ കഥയായിരുന്നില്ല. തൻ്റെ മടിത്തട്ടിൽ തല ചായ്ച്ചിരുന്ന കാമുകിയുമായുള്ള സ്നേഹബന്ധത്തിൻ്റെ അനിർവ്വചനീയമായ നിമിഷങ്ങളെ ശാശ്വതമാക്കി നിർത്താനുള്ള കാമുക ഹൃദയത്തിൻ്റ അസ്വാഭാവികമായ ആഗ്രഹങ്ങളുടെ പ്രതിസ്ഫുരണമായിരുന്നു.
പ്രണയം സഫലീകരിക്കപ്പെടില്ലെന്നറിയുമ്പോൾ കമിതാക്കൾ ആത്മഹത്യയുടെ മാർഗ്ഗം സ്വീകരിക്കുന്നതും ഉദാത്തമായ പ്രണയത്തിൻ്റെ തെളിവുകൾ തന്നെയാണ്. ഇവിടെയാണ് മാനസയുടെ പ്രണയ ഹത്യ മറ്റൊരു തലത്തിൽ വീക്ഷിക്കേണ്ടി വരുന്നത്. കാമുകി പ്രണയത്തിൽ നിന്ന് പിൻമാറിയപ്പോൾ ജീവനാശം വരുത്തണമെന്ന ലക്ഷ്യത്തോടെ കരുതലോടെ സുദീർഘമായ പദ്ധതികൾ ആവിഷ്കരിച്ച് അത് പ്രായോഗികമാക്കാൻ മാർഗ്ഗം കണ്ടെത്തിയ വ്യക്തിയുടേത് കാമുക ഹൃദയമാണെന്ന് പറയാൻ കഴിയില്ല. അത് പകയുടെയും വിദ്വേഷത്തിൻ്റെയും പാത തന്നെയാണ്.
ഒരിക്കൽ പോലും നേരിൽ കാണുക പോലും ചെയ്യാതെ ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെയും ഇൻസ്റ്റാഗ്രാം സ്റ്റോറി യിലുടെയും പ്രണയബന്ധം സ്ഥാപിക്കുന്ന പെൺകുട്ടികൾ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രേമ വാഗ്‌ദാനങ്ങൾ നൽകി ചെറുപ്പക്കാരനെ വ്യാമോഹിപ്പിച്ച് ഒരു സുപ്രഭാതത്തിൽ ഞാനൊന്നുമറിയില്ല രാമനാരായാണ എന്ന് പറഞ്ഞു പ്രണയത്തിൽ നിന്നും പിൻമാറുന്ന പെൺകുട്ടികൾ അപകടത്തെ ക്ഷണിച്ചു വരുത്തുകയാണ്. ഏകപക്ഷീയമായ കുറ്റപ്പെടുത്തലുകൾ ഇവിടെ പ്രസക്തമല്ല. വിവേകത്തിൻ്റെ ഭാഷ മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ സ്വീകാര്യമായിട്ടുള്ളത്.
നമ്മുടെ സാമുഹ്യ സാഹചര്യങ്ങൾ തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത രീതിയിൽ മാറിക്കഴിഞ്ഞിട്ടുണ്ട്. ആശയ വിനിമയ രംഗത്തുണ്ടായ പുരോഗതിയും സൗകര്യങ്ങളും നമ്മുടെ നാശത്തിലേക്കുള്ള പാതയായി മാറിത്തീരാൻ പാടില്ല. മനുഷ്യവംശം നിലനിൽക്കുന്ന കാലത്തോളം പ്രണയമെന്ന വികാരവും നിലനിൽക്കുക തന്നെ ചെയ്യും. അതിൻ്റെ കാൽപ്പനികതയിലും സൗന്ദര്യത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. പ്രണയം കുറ്റവാളികളുടെ മനസ്സുള്ളവർക്ക് യോജ്യമായ കലയല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. എവിടെയോ വായിച്ചതോർമ വരുന്നു.
“Romance is the privilege of the rich, not professional for the unemployed”