പാചക വാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 597 രൂപയായി

0

ന്യൂഡൽഹി: പാചകവാതക സിലിണ്ടറിനു വില കൂടി. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത ഒരു എൽപിജി സിലിണ്ടറിന് 37 രൂപയാണ് കൂടിയത്. ഇന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.

രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.കൂട്ടിയ തുക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയായി ലഭിക്കും. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വര്‍ധിച്ചു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധന ബാധകമല്ലെന്നും എണ്ണ കമ്പനികള്‍ വ്യക്തമാക്കി.

തുടർച്ചയായി മൂന്നു മാസത്തെ വിലക്കുറവിനെ പിന്നാലെയാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. സബ്‌സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല. മാർച്ച് ഏപ്രിൽ മാസങ്ങളിലായി 114 രൂപയും മേയ് മാസമാദ്യം 162.50 രൂപയും ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു. ഇതു വഴി ലോക്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് ഇന്ധന വില ബാധ്യതയായിരുന്നില്ല.