ശബരിമല ഡ്യൂട്ടി; പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി ആഭ്യന്തര വകുപ്പ്. നിലവിൽ 300 രൂപയായിരുന്ന അലവൻസ് 600 രൂപയായാണ് വർധിപ്പിച്ചത്. ക്യാമ്പ് ഫോളോവേഴ്സിനും പുതുക്കിയ നിരക്കിൽ അലവൻസ് ലഭിക്കും.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനം ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ചെലവുകൾ പരിഗണിച്ചാണ് അലവൻസ് വർധന.
ഇതിനുപുറമേ, തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഭക്ഷണച്ചെലവിനുള്ള മെസ് ഗ്രാന്റും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് പ്രതിദിനം 79 രൂപയായിരുന്നത് 90 രൂപയാക്കി ഉയർത്തി. ഈ സീസണിലെ മെസ് നടത്തിപ്പിനായി 3.60 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.