ഫിഫ ലോകകപ്പ് 2022: ഉദ്ഘാടന മത്സരത്തിനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയം

0

ദോഹ∙ ഉദ്ഘാടന മത്സരത്തിന് ഒരുങ്ങി ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയമായ ലുസെയ്ൽ. വേദിയാകുന്നത് 11ന് ഖത്തർ സ്റ്റാർസ് ലീഗിന്റെ (ക്യുഎസ്എൽ) മത്സരത്തിന്. പ്രാദേശിക ടൂർണമെന്റുകളിലൊന്നായ ക്യൂഎസ്എല്ലിന്റെ ഇത്തവണത്തെ സീസണിന് ഈ മാസം ആദ്യമാണ് തുടക്കമായത്.

11ന് വൈകിട്ട് 7.40ന് അൽ അറബിയും അൽ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനൽ വേദിയായ സ്റ്റേഡിയം വേദിയാകുന്നത്. നിർമാണം പൂർത്തിയായ ശേഷം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരമായതിനാൽ വർണാഭമായ വെടിക്കെട്ട് പ്രദർശനം ഉൾപ്പെടെ ആഘോഷപൂർവമാകും മത്സരം. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എന്നതിന് പുറമെ ഫിഫ ലോകകപ്പ് ഫൈനൽ വേദിയിൽ കളിക്കാർക്ക് മികച്ച പ്രകടനം നടത്താനുള്ള അവസരം കൂടിയാണിത്.

ഡ്രീം ടീം എന്നറിയപ്പെടുന്ന അൽ അറബി ആദ്യ റൗണ്ടിൽ ഖത്തർ എസ്‌സിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്. അൽ ഷമാലിനെ എതിരില്ലാത്ത 1 ഗോളിന് തോൽപ്പിച്ചാണ് ദ ലയൺസ് എന്ന അൽ റയാൻ 11ന് അൽ അറബിയെ നേരിടാൻ ഒരുങ്ങുന്നത്. പരിശീലകൻ യൂനസിന്റെ കീഴിൽ ഇത്തവണ അൽ അറബി സംഘത്തിൽ വിദേശീയരായ കൂടുതൽ കളിക്കാരുണ്ട്.

ലുസെയ്ൽ സ്റ്റേഡിയത്തെ സംബന്ധിച്ച് ലോകകപ്പിന് തൊട്ടു മുൻപുള്ള പരീക്ഷണ മത്സരം കൂടിയാണിത്. ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിൽ സെപ്റ്റംബർ 9ന് ലുസെയ്ൽ സൂപ്പർ കപ്പ് മത്സരവും നടക്കും. സൗദി പ്രോ ലീഗ് ചാംപ്യൻമാരും ഈജിപ്ഷ്യൻ പ്രീമിയർ ലീഗും തമ്മിലാണ് സൂപ്പർ കപ്പിനായുള്ള പോരാട്ടം.

80,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സവിശേഷ ഡിസൈനിലുള്ള സ്‌റ്റേഡിയം ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നിഴലും വെളിച്ചവും ഇഴ ചേർന്നുള്ള ഡിസൈനിൽ അറബ് രാജ്യങ്ങളിലെ സുവർണ യാനപാത്രത്തിന്റെ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്.