പിണറായി മന്ത്രിസഭയിലേക്ക് പുതിയ മന്ത്രി; എംബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0

സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. രാവിലെ 11 മണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം,എക്‌സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.

ഭരണപക്ഷത്തിന് ഭൂരിപക്ഷമുറപ്പായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീറിനെ സ്പീക്കറായി തെരെഞ്ഞെടുക്കും. സ്ഥാനാഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല.