സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

0

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.

നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. തുടർന്ന് കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം പകർന്നു.

1936 മാർച്ച് 1–ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജ്ജുനൻ ജനിക്കുന്നത്. ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ചു.

2017 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.

പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും, യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ, വനപുഷ്പം ചൂടി, പാടാത്ത വീണയും പാടും, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകള്‍ പൂത്ത, പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍, മല്ലികപ്പൂവിന്‍ മധുരഗന്ധം…ആ ത്രിസന്ധ്യ തന്‍ അനഘമുദ്രകള്‍, ആയിരം അജന്ത ചിത്രങ്ങളെ, സൂര്യകാന്തിപ്പൂ ചിരിച്ചു..സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയില്‍…ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ..അങ്ങനെ പോകുന്ന മലയാളകരയ്ക്ക് എന്നും കേട്ടിരിക്കാവുന്ന ഒട്ടനവധി മധുരഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി.