തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. കള്ളക്കടത്ത്, സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം.
സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു.
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായി അടുത്ത ബന്ധമാണ് ഐടി സെക്രട്ടറി എം ശിവശങ്കർ പുലർത്തിയിരുന്നത്. സ്വപ്നയുടെ താമസ സ്ഥലത്ത് ഐടി സെക്രട്ടറി സ്ഥിരം സന്ദർശകൻ ആയിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുമായുള്ള ഐടി സെക്രട്ടറിയുടെ ബന്ധം സർക്കാരിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവങ്കറെ മാറ്റിയത്.
നേരത്തെ സ്പ്രിംക്സര്‍ വിവാദത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോൾ മുതൽ ഐടി സെക്രട്ടറി കൂടിയായ എം.ശിവശങ്കർ വിമർശനങ്ങളുടെ നടുവിലായിരുന്നു. ഇന്നലെ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരുന്നു.
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഐടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ തുടരും. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മിർ മുഹമ്മദ് 2016 മുതൽ മൂന്ന് കണ്ണൂർ കളക്ടറായി ജോലി ചെയ്തിരുന്നു. നിലവിൽ ശുചിത്വ മിഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.