തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സർവീസിൽ തിരികെ പ്രവേശിച്ചു. സെക്രട്ടേറിയറ്റിലെത്തിയ ശിവശങ്കർ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി. പുതിയ തസ്തിക സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകും. സ്വർണക്കടത്തു കേസിൽ പ്രതിയായതിനെ തുടർന്നാണ് ശിവശങ്കറിനെ 2020ൽ സസ്പെൻഡ് ചെയ്തത്.
ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിനു മുൻപായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെൻഷൻ 6 മാസത്തേക്കു നീട്ടുകയായിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ജൂലൈ 16ന് ഒരു വർഷത്തേക്കു സസ്പെന്‍ഡ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്പെൻഡ് ചെയ്തത്.