അബുദാബി: കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുർജീൽ ആശുപത്രിയിൽ ജർമൻ ന്യൂറോസർജൻ പ്രൊഫ. ഡോ. ഷവാർബിയുടെ നേതൃത്വതനേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങുന്ന സംഘമാണ് നട്ടെല്ലിന് ശാസ്ത്രക്രിയ നടത്തിയത്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
യൂസഫലിയുടെ മരുമകനും ബുർജീൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് അബുദാബി രാജകുടുംബമയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലെത്തിയത്
ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിന്റെ ചികിൽസയ്ക്ക് വിധേയനായത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലഎന്നിവരടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് ആശംസകൾ നേർന്നു.
.