ഓർമ്മയുണ്ടോ ‘ഗാഡ്‌ഗിൽ’ റിപ്പോർട്ട്?

0

പശ്ചിമ ഘട്ടത്തിൻ്റെ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ പറ്റി പഠനം നടത്തി നൽകിയ വിശദമായ പഠനം. അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടിയിരുന്ന ശാസ്ത്രീയമായ പഠനരേഖ. ക്വാറി മാഫിയകളുടെയും മണ്ണ് മാഫിയകളുടേയും താൽപര്യത്തെ പരിഗണിച്ച് സർക്കാർ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പഠന റിപ്പോർട്ട്. ഇടുക്കിയിലെ രാജമലയിലെ ദുരന്തത്തിൻ്റെ ദാരുണമായ ദൃശ്യങ്ങൾ കാണുമ്പോൾ വെറുതെ ഓർത്തു പോകുന്നു.

രാജമലയിലെ ദുരന്തത്തിനു കാരണമായ പ്രതി മഴയല്ല…
ഉറപ്പിച്ച് തന്നെ പറയാൻ കഴിയും’. നമ്മുടെ കേരളത്തിൽ ഇതിലും വലിയ മഴ മുൻപും പെയ്തിരുന്നു’. പഴയ ഇടവപ്പാതിയിൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന കനത്ത മഴയുണ്ടാകാറുണ്ടായിരുന്നു’. ഒപ്പം അതിശക്തമായ കാറ്റും. എന്നാൽ അന്നൊന്നുമുണ്ടാകാത്ത ആവർത്തിച്ചുള്ള ദുരന്തങ്ങൾ എന്ത് കൊണ്ടാണ് ഇപ്പോൾ സംഭവിക്കുന്നത്.

അന്ന് പശ്ചിമഘട്ട മലനിരകൾ, അതിലെ നിബിഡമായ വന സമ്പത്ത്, പാറക്കൂട്ടങ്ങൾ എല്ലാം പ്രകൃതി നമുക്കായി ഒരുക്കിയ കവചങ്ങൾ പോലെ നാടിനെ സംരക്ഷിച്ചിരുന്നു’. എന്നാൽ ദുര മൂത്ത മനുഷ്യൻ്റെ നഗ്നമായ കൈയേറ്റങ്ങൾ നമ്മുടെ പ്രകൃതിയുടെ താളം തെറ്റിച്ചു. മഴയെയും കാറ്റിനെയും പ്രതിരോധിക്കുന്ന, അതിൽ നിന്നെല്ലാം നമ്മെ സംരക്ഷിച്ചിരുന്ന ഘടകങ്ങളെ ഒന്നൊന്നായി നശിപ്പിച്ചു. ജെ.സി.ബിയുടെ കരാളഹസ്തങ്ങളാൽ നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ. തന്നെയാണ് പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായിത്തീരുന്നതെന്ന് മനസ്സിലാക്കാൻ ഗവേഷണത്തിൻ്റെ ആവശ്യമൊന്നുമില്ല. മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല.

നാളെയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ, കച്ചവട താൽപര്യങ്ങൾ മാറ്റിവെച്ച്, ക്വാറി മാഫിയകളുടെ സമ്പത്തിൽ കണ്ണ് മഞ്ഞളിക്കാതെ, ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് പരതിയെടുത്ത് ഒരാവർത്തി കൂടി വായിച്ച് നോക്കിയിട്ട്, പറ്റുമെങ്കിൽ അതിലെ പ്രധാന നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള ആർജ്ജവം കാട്ടാനുള്ള സമയമാണിതെന്ന് തിരിച്ചറിയുക.