“സിനിമകളിൽ സ്ത്രീകൾക്ക് അൽപം കൂടി മാന്യത നൽകണം” ജ്യോതിക

0

സൂര്യ നിർമ്മിച്ച് ബ്രഹ്മ സംവിധാനം ചെയ്ത് സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മകിളിർ മട്ടും ഇതേ പേരിൽ 1994-ൽ കമൽഹാസൻ നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രത്തേക്കാൾ വ്യത്യസ്തമാകുന്നത് നായികമാരുടെ പ്രായം കൊണ്ടാണ്. ജ്യോതിക, ഉർവശി, ശരണ്യാ പൊൻവണ്ണൻ, ഭാനുപ്രിയ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിൽ നായികമാരുടെ പ്രായം തന്നെ ആയിരുന്നു പ്രധാന ചർച്ചാ വിഷയവും.
ജ്യോതിക അതേക്കുറിച്ച് സംസാരിക്കുന്നു, “മകിളിർ മട്ടും എന്ന ചിത്രത്തിൽ പ്രഭാവതി എന്ന ഒരു ഡോക്യുമെന്ററി സംവിധായിക ആയാണ് ഞാൻ എത്തുന്നത്. ഒരു നായികയുടെ യഥാർത്ഥ പ്രായത്തേക്കാൾ കുറഞ്ഞ വയസ്സിൽ ഒരു കഥാപാത്രത്തെ നൽകാൻ സംവിധായകനു മാത്രമേ കഴിയൂ. അത് ഈ ചിത്രത്തിലൂടെ ബ്രഹ്മ ഭഗിയായി നിർവഹിച്ചിരിക്കുന്നു. ഇക്കാലത്ത് നായികയ്ക്ക് 30 വയസ്സു കഴിഞ്ഞാൽ പിന്നെ വയസ്സായി എന്നാണ് പൊതുവേയുള്ള ധാരണ. പല സംവിധായകരും അമ്മക്കഥാപാത്രങ്ങളുമായി എന്നെ സമീപിക്കാറുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥയുമായി ബ്രഹ്മ വന്ന് അവിവാഹിതയായാണ് അഭിനയിക്കേണ്ടതെന്നും ടുവീലർ ഓടിക്കാൻ പഠിക്കേണ്ടതുണ്ടെന്നും പറഞ്ഞപ്പോൾ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. വലിയ നായകന്മാരെ വച്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന സംവിധായകരോട് എനിക്ക് ഒരു അപേക്ഷയുണ്ട്. നിങ്ങളുടെ ചിത്രങ്ങളിൽ സ്ത്രീകൾക്ക് അൽപം കൂടി മാന്യതയും ബഹുമാനവും നൽകണം. അമ്മയും സഹോദരിയും ഭാര്യയും പോലെ നിങ്ങൾക്കു ചുറ്റുമുള്ള സ്ത്രീകൾക്ക് സമാനമായിരിക്കണം നിങ്ങളുടെ ചിത്രങ്ങളിലെ നായികമാരും. നായകന്മാർക്ക് കോടിക്കണക്കിന് ആരാധകർ ഉണ്ട്. ഈ നായകന്മാർ ചെയ്യുന്നതായിരിക്കും ഈ ആരാധകരും പിന്തുടരുന്നത്. സിനിമയിലെ രംഗങ്ങൾ യുവാക്കളെ വലിയ തോതിൽ ആകർഷിക്കാറുണ്ട്. സിനിമയിലെ വസ്ത്രധാരണം വീട്ടിലേതിൽ നിന്ന് വ്യത്യസ്തമാണെന്ന് എനിക്കറിയാം. എങ്കിലും അൽപം കൂടി ബുദ്ധിയുള്ള രീതിയിൽ കഥാപാത്രങ്ങളെ നിങ്ങൾക്ക് അവതരിപ്പിക്കാവുന്നതാണ്. കൊമേഡിയന്റെ അരികിൽ നായികയെ നിർത്തിക്കൊണ്ടുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ ഒഴിവാക്കണം. അതു പോലെ നായികയുടെ എൻട്രിയും നായകനു സമാനമായിരിക്കണം. നായകന്റെ പിന്നാലെ ‘ഐ ലവ് യു’ എന്നു പറഞ്ഞ് നായിക അലയുന്ന രംഗങ്ങളും ഒരു നായകന് നാല് നായിക എന്ന കീഴ്‌വഴക്കങ്ങളും അവസാനിപ്പിക്കണം. അതു കണ്ട് യുവാക്കളും നമുക്കും നാല് കാമുകിമാർ ആകാം എന്ന് കരുതും. ഒരു സിനിമയിൽ ഒരു നായകന് ഒരു നായിക മതി. ഇന്ത്യൻ സ്ത്രീകൾക്കു വേണ്ടി സാമൂഹ്യ പ്രതിബദ്ധതയോടെ ചിത്രങ്ങൾ എടുക്കണം.” തനിക്കുള്ളതാണോ അതോ കോളിവുഡിന് മൊത്തത്തിലുള്ളതാണോ ഈ ഉപദേശം എന്ന ആശങ്ക അരികിലിരുന്ന സൂര്യയുടെ മുഖത്ത്‌ മിന്നിമായുന്നുണ്ടായിരുന്നു.