ബിജെപിക്കു തിരിച്ചടി നൽകി യുപി, മഹാരാഷ്‌ട്ര, ബംഗാൾ

0

വലിയ ഭൂരിപക്ഷത്തോടെ മൂന്നാമൂഴം പ്രതീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും പ്രഹരമായത് ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ ഫലങ്ങൾ. 2019ൽ ഇവിടങ്ങളിൽ യഥാക്രമം 63, 41, 18 എന്നിങ്ങനെയായിരുന്നു എൻഡിഎയുടെ നില. ഈ 112 സീറ്റുകളിൽ 93ഉം ബിജെപിയുടേതുമായിരുന്നു. ഇത്തവണ ഇത് അറുപതോളമായി ചുരുങ്ങി.

ഇത്തവണ മഹാരാഷ്‌ട്രയിൽ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു എൻഡിഎ നേതൃത്വം. എന്നാൽ, യുപിയിലും പശ്ചിമ ബംഗാളിലും സീറ്റ് ഉയരുന്നതിലൂടെ ഇതു മറികടക്കാമെന്നും ദക്ഷിണേന്ത്യയിൽ നിന്നു ലഭിക്കുന്ന സീറ്റുകൾ നേട്ടമാകുമെന്നുമാണ് കരുതിയിരുന്നു. ഈ കണക്കുകൂട്ടലുകളാണ് തകർന്നടിഞ്ഞത്. മഹാരാഷ്‌ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തി ഭൂരിപക്ഷം എംഎൽഎമാരെയും എംപിമാരെയും എൻഡിഎയിലെത്തിച്ചെങ്കിലും അണികൾ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനുമൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു.

2014ലും 2019ലും ബിജെപിയുടെ വിജയത്തിൽ വലിയ സംഭാവന നൽകിയ യുപിയിൽ അപ്രതീക്ഷിത തിരിച്ചടിയാണു പാർട്ടി നേരിട്ടത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണമുണ്ടാക്കിയ ഹിന്ദുത്വ വികാരവും യോഗി ആദിത്യനാഥിന്‍റെ ഭരണവും മോദി തരംഗവുമെല്ലാം വോട്ടാകുമെന്നു പ്രതീക്ഷിച്ച സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയുടെ ശക്തമായ തിരിച്ചുവരവാണു കണ്ടത്. കഴിഞ്ഞ തവണ യുപിയിൽ 50 ശതമാനത്തിലേറെ വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ വോട്ട് വിഹിതം 42 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ തവണ എസ്പിക്കൊപ്പം മത്സരിച്ച് 12 ശതമാനം വോട്ട് നേടിയ ബിഎസ്പി ഒമ്പതു ശതമാനത്തിലേക്കു ചുരുങ്ങിയപ്പോൾ നാലു ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസ് ഒമ്പതു ശതമാനത്തിലധികമായി ഉയർന്നു. എസ്പിയും വോട്ട് വിഹിതം 32ലേക്ക് ഉയർത്തി.

തൊഴിലില്ലായ്മയുൾപ്പെടെ “ഇന്ത്യ’ മുന്നണി ഉയർത്തിയ വിഷയങ്ങൾ ജനങ്ങളെ സ്വാധീനിച്ചുവെന്നു വേണം കരുതാൻ. എഐഎംഐഎമ്മും പീസ് പാർട്ടിയുമടക്കം ചെറുകക്ഷികളിലേക്കു ചിതറിപ്പോകുമായിരുന്ന ന്യൂനപക്ഷ വോട്ടുകൾ പൂർണമായി എസ്പി- കോൺഗ്രസ് സഖ്യത്തിൽ ഉറച്ചുവെന്നും പ്രാഥമിക സൂചനകളുണ്ട്.

പശ്ചിമ ബംഗാളിൽ ഇത്തവണ 25 സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്ന ബിജെപിക്കാണ് കൈയിലിരുന്നതും കൂടി പോയത്. സന്ദേശ്ഖാലി അതിക്രമവും സിഎഎയുമടക്കമുള്ളവ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാക്കുമെന്ന പ്രതീക്ഷ പൂർണമായും ഫലിച്ചില്ലെന്നു വോട്ടെടുപ്പിൽ തെളിഞ്ഞു.

ഇതിനു പുറമേയാണ് രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് നടത്തിയ തിരിച്ചുവരവ്. 2019ൽ ഇരു സംസ്ഥാനങ്ങളും തൂത്തുവാരിയ മുന്നേറ്റം ഇത്തവണ ആവർത്തിക്കാനാവില്ലെന്നു പ്രതീക്ഷിച്ചിരുന്നു ബിജെപി നേതൃത്വം. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലുണ്ടായ ക്ഷീണത്തിനൊപ്പം ഇവിടെയും നഷ്ടമുണ്ടായത് ഇരട്ടി പ്രഹരമായി.