മുംബൈ: പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍നിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്ന വിചിത്രമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കയാണ് മഹാരാഷ്ട്ര സ്വദേശിനിയായ 35 വയസ്സുകാരി. വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പുകാത്തിരിക്കുന്ന യുവതിയാണ് വിചിത്ര ആവശ്യവുമായി നന്ദേത് കുടുംബ കോടതിയിലെത്തിയത്. കോടതി യുവതിയുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിക്കുകയും ചെയ്തു.
യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി യുവതിയോടും ഭര്‍ത്താവിനോടും കൗണ്‍സിലിങിന് വിധേയമാകാന്‍ നിര്‍ദേശിച്ചു. കൗണ്‍സിലിങിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ദമ്പതിമാർക്ക് ഒരു കുട്ടിയുണ്ട്. 2017-ലാണ് യുവതിയുടെ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവാഹമോചന ഹര്‍ജിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് യുവതി ഭര്‍ത്താവില്‍നിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ആര്‍ത്തവിരാമത്തിന് മുന്‍പ് ലൈംഗികബന്ധത്തിലൂടെയോ ഐ.വി.എഫ്. മാര്‍ഗത്തിലൂടെയോ ഗര്‍ഭം ധരിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഭര്‍ത്താവ് ഈ ആവശ്യം പാടെ എതിർക്കുകയായിരുന്നു. വിവാഹമോചനം കാത്തിരിക്കുന്ന തനിക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ യുവതിയുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തിയ കോടതി ബീജദാനത്തിലൂടെയുള്ള കൃത്രിമഗര്‍ഭധാരണത്തിനുള്ള സാധ്യത കോടതി ആരായുകയായിരുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതം നിര്‍ണായകമാണെന്നും പറഞ്ഞു. എന്നാല്‍ ബീജദാനം വഴിയും യുവതിയില്‍ കുഞ്ഞിനെ നൽക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഭര്‍ത്താവ്.