മാഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രോഗി തലശ്ശേരിയിലെത്തിയത് കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം

0

കോഴിക്കോട്: മാഹിയില്‍ കൊവിഡ് 19 സ്ഥരീകരിച്ച രോഗി തലശ്ശേരിയിലെത്തിയത് കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം. മാര്‍ച്ച് 13നാണ് രോഗിയെ മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.എന്നാല്‍ ഇവര്‍ ബീച്ചാശുപത്രിയില്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ച് ബഹളമുണ്ടാക്കി തിരിച്ചുപോവുകയായിരുന്നു. ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്യുകയായിരുന്നു. കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് അവര്‍ ട്രെയിനില്‍ യാത്ര ചെയ്തത്.

സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്. ഇവര്‍ സഞ്ചരിച്ച വഴി ഉള്‍പ്പെടുത്തി റൂട്ട് മാപ്പ് ഉടന്‍ തയ്യാറാക്കുമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു.
യുഎ.ഇയില്‍ നിന്നും മടങ്ങിയെത്തിയ 68 കാരിക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്കു മുമ്പാണ് സ്ത്രീ യു.എ.ഇയില്‍ ഉംറ കഴിഞ്ഞെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. പനിയും ജലദോഷവും കണ്ടപ്പോള്‍ മാഹിയിലെ ജനറല്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടുകയായിരുന്നു. ഉംറ കഴിഞ്ഞെത്തിയതിനാല്‍ സ്ത്രീ അടുത്തുള്ള വീടുകളിലും ബന്ധുക്കളുടെ വീട്ടിലും സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് നാട്ടുകാര്‍ പൊലീസിലറിയച്ചതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് ഇവരെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബീച്ച് ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ സ്ഥിരീകരിച്ച ആദ്യ കോവിഡ് 19 കേസാണിത്. മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.