കൊച്ചി: കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ ഇംത്യാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഫ്ലാറ്റ് ഉടമയ്ക്കെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തത്. പ്രതിയുടെ പങ്ക് അന്വേഷണത്തില്‍ വ്യക്തമായതായി ഐജി വിജയ് സാഖറെ പറഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രതി ഇപ്പോള്‍ ഒളിവിലാണ്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അറസ്റ്റുണ്ടാകും. ഇതിനായി ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. അതേസമയം ഫ്ലാറ്റ് ഉടമ ഇംത്യാസ് അഹമ്മദ് മുൻകൂർ ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. അഡ്വാൻസ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നൽകാത്തതിന്‍റെ പേരിലാണ് ഫ്ലാറ്റ് ഉടമ, കുമാരിയെ തടഞ്ഞുവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇവരെ അന്യായമായി വീട്ടുതടങ്കലിൽ വച്ചതിനെതിരെ ഫ്ലാറ്റുടമയ്ക്കെതിരെ പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. സംഭവത്തിൽ വനിതാകമ്മിഷൻ ഇടപെട്ടതോടെയാണു പുതിയ വകുപ്പു കൂടി ചേർത്തു പൊലീസ് കേസെടുത്തത്. കൂഡല്ലൂർ പെണ്ണടം സോഴർ നഗറിൽ രാജകുമാരി (കുമാരി–55) ആണു ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്.