നിരന്തര മൂക്കൊലിപ്പ്: ഗൊറില്ല മകോകൂവിനെ സിടി സ്‌കാനിങ്ങിന്‌ വിധേയനാക്കി

0

ജൊഹാനസ്ബര്‍ഗ് മൃഗശാലയിലെ മുപ്പത്തഞ്ചുവയസ്സുള്ള ഗൊറില്ല മകോകൂവി നിരന്തര മൂക്കൊലിപ്പിനെ തുടർന്ന് സിടി സ്‌കാനിങ്ങിന്‌ വിധേയനാക്കി. മേയ് മുതല്‍ നിരന്തരം മൂക്കൊലിപ്പായിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായി പരിശോധിച്ച് രോഗനിർണയം നടത്താണെന്നാണ് മൃഗശാല അധികൃതര്‍ സിടി സ്‌കാനിങ്ങിന്‌ വിധേയനാക്കിയത്.

210 കിലോ ഭാരമുള്ള ഈ ആള്‍ക്കുരങ്ങിനെ ഹെലിക്കോപ്റ്ററിലാണ് 64 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. ഇത്രയും ഭാരം താങ്ങാന്‍ ശേഷിയുള്ള സ്‌കാനര്‍ ഈ ആശുപത്രിയിലേ ഉണ്ടായിരുന്നുള്ളൂ. പ്രിട്ടോറിയയിലെ ഓണ്‍ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മകോകൂവിനെ സി.ടി. സ്‌കാന്‍ ചെയ്തത്.

മുക്കിലെ ദശവളര്‍ച്ചയാണ് രോഗകാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. സ്‌കാനിങ്ങിന് ശേഷം മയങ്ങിയ മാകോകൂനെ സ്‌ട്രെച്ചറില്‍ നിന്ന് ഉയര്‍ത്താന്‍ അഞ്ചിലധികം ആളുകള്‍ വേണ്ടിവന്നു.മാകോകൂവിന്റെ രോഗം നിര്‍ണ്ണയിക്കാന്‍ വിദഗ്ദ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ശാരീരിക പരിശോധന, വിപുലമായ രക്ത പരിശോധന, റേഡിയോഗ്രാഫി, ഇലക്ട്രോകാര്‍ഡിയോഗ്രാം, കാര്‍ഡിയാക് അള്‍ട്രാസൗണ്ട്, നേത്രപരിശോധന, ഡെന്റല്‍ പരിശോധന, റിനോസ്‌കോപ്പി, രക്തസമ്മര്‍ദ്ദ വിശകലനം തുടങ്ങി ആരോഗ്യ പരിശോധനകളും നടത്തി.