ബിരുദം പൂര്‍ത്തിയാക്കി മലാല യൂസഫ്‌സായ്; ചിത്രങ്ങൾ

0

ലണ്ടന്‍: ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മാര്‍ഗരറ്റ് ഹാളില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സ് ആന്‍ഡ് എക്കണോമിക്‌സിലാണ് മലാല ബിരുദം പൂര്‍ത്തിയാക്കിയത്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം കുടുംബമൊത്തും സഹപാഠികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും മലാല പങ്കുവെച്ചു.

ബിരുദം പൂര്‍ത്തിയാക്കിയ സന്തോഷ വാര്‍ത്ത സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണെന്ന് മലാല ട്വീറ്റ് ചെയ്തു. ഭാവിയില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഇപ്പോള്‍ അറിയില്ല. നെറ്റ്ഫ്‌ളിക്‌സില്‍ ജോയിന്‍ ചെയ്യണം, വായക്കണം, ഉറങ്ങണം’- മലാല ട്വീറ്റ് ചെയ്തു. 2.6 ലക്ഷം പേരാണ് മലാലയുടെ ട്വീറ്റിന് ലൈക്ക് ചെയ്തത്. 32,000 പേര്‍ റീട്വീറ്റ് ചെയ്തു. നിരവധി പേര്‍ ട്വിറ്ററില്‍ മലാലക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

പാക്കിസ്ഥാനിലെ പ്രഥമ വനിത പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ 1970 ൽ ബിരുദ പഠനം പൂർത്തീകരിച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനും ബിരുദം നേടുന്നതിനും ലഭിച്ച അവസരം അഭിമാനവും സന്തോഷവും ഉളവാക്കുന്നതാണെന്ന് മലാല ട്വിറ്ററിൽ കുറിച്ചു.

പാക്കിസ്ഥാനിൽ പെൺകുട്ടികൾക്ക് നിഷിധമായിരുന്ന സ്കൂൾ വിദ്യാഭ്യാസ നയത്തിനെതിരെ അരയും തലയും മുറുക്കി രംഗത്തെത്തിയ മലാലക്ക് 15 -ാം വയസിൽ താലിബാൻ ഭീകരന്‍റെ വെടിയേറ്റു. മരണത്തെ മുഖാമുഖം കണ്ട ഇവരെ പ്രാഥമിക ചികിത്സക്കുശേഷം ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാം ക്യൂൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. ദീർഘനാളത്തെ ചികിത്സക്കുശേഷം മലാലക്കും കുടുംബത്തിനും ഇംഗ്ലണ്ടിൽ അഭയം നൽകി.

തുടർന്നും ആഗോളതലത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി മലാല പല രാജ്യങ്ങളും സന്ദർശിച്ചു. സ്കൂളിൽ പഠിക്കാത്ത 132 മില്യൺ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് മലാല ഫണ്ട് രൂപീകരിച്ച് പ്രവർത്തനം നടത്തി. 2014 ൽ കുട്ടികളുടെ അവകാശത്തിനുവേണ്ടി സമരരംഗത്തിറങ്ങിയതിന് നൊബേൽ സമ്മാനം ലഭിച്ചു.