കൊച്ചി: നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കഴിഞ്ഞയാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ രഘു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. ആദ്യം ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു.
ഭാര്യയും മകളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഭാരിച്ച ചികിത്സാച്ചെലവ് കാരണം കടുത്ത സാമ്പത്തികബുദ്ധിമുട്ടിലാണ് കുടുംബം എന്നാണ് അറിയുന്നത്. സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോര്‍ജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിലാണ്.