തിരുവനന്തപുരം: 27-ാമത് ഐഎഫ്എഫ്കെയുടെ ലഹരിയിലാണ് തലസ്ഥാന നഗരി. കഴിഞ്ഞ ദിവസം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിരവധി പേരാണ് താലസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ എത്തിച്ചേരുന്നത്. മികച്ച സിനിമാ അനുഭവമാണ് ഉദ്ഘാടന ദിനം തങ്ങൾക്ക് ലഭിച്ചതെന്നാണ് ഡെലിഗേറ്റുകൾ ഒരേസ്വരത്തിൽ പറയുന്നത്. ‘ടോറി ആന്‍റ് ലോകിത’യും ‘റിമൈൻസ് ഓഫ് ദി വിന്റു’മൊക്കെയാണ് സിനിമാസ്വാദകരുടെ ഉദ്ഘാടന ദിനത്തെ പ്രിയ ചിത്രങ്ങൾ.
മലയാളത്തിൽ നിന്നും മത്സര വിഭാഗത്തിൽ എത്തുന്ന അറിയിപ്പ് ആണ് ഐഎഫ്എഫ്കെ രണ്ടാം ദിനത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്. കൊവിഡാനന്തര കാലത്ത് ദില്ലിയിൽ താമസിക്കുന്ന ദമ്പതികളുടെ കഥപറയുന്ന ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ ഓസ്‍കര്‍ പ്രതീക്ഷയായ ‘ചെല്ലോ ഷോ’യും ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്. ഒരു ദശാബ്ദം മുൻപുള്ള സൗരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിലാണ് അവസാനത്തെ ഷോ എന്നർത്ഥമുള്ള ‘ചെല്ലോ ഷോ’യുടെ കഥ നടക്കുന്നത്. സമയ് എന്ന ഒൻപത് വയസുകാരന്റെ സിനിമയോടുള്ള കൗതുകവും അവനു നാട്ടിലെ ഒരു സിനിമാ തീയറ്ററിലെ പ്രോജക്റ്റർ ഓപ്പറേറ്ററുമായുള്ള ബന്ധവും ഒക്കെയാണ് ഒരടരിൽ സിനിമയുടെ കഥ. സ്പെയിനിലെ ജയിൽ നിയമങ്ങൾ തിരുത്തിച്ച കാലാപത്തിന്റെ കഥ പറയുന്ന ‘പ്രിസൺ 77‘ഉം ഇന്ന് സ്ക്രീനുകളിൽ തെളിയും. കൂടാതെ മറ്റ് നിരവധി ചിത്രങ്ങളും സിനിമാസ്വാദകരെ കാത്തിരിക്കുന്നു.
ഡിസംബര്‍ 16 വരെ നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.