‘ഗായത്രി’ മലയാളത്തിന് പുതിയൊരു യുണികോഡ് അക്ഷരം കൂടി

0

ഭാഷാസാങ്കേതികരംഗത്ത് മലയാളത്തിന് ഒരു ചരിത്ര നേട്ടം സമ്മാനിക്കാൻ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കുന്ന പുതിയൊരു യുണികോഡ് അക്ഷരരൂപം കൂടി എത്തി. ഗായത്രി അതാണ് പുതിയ ഫോണ്ടിന്‍റെ പേര്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വ്യാഴാഴ്ചയാണ് ഫോണ്ട് പ്രകാശനം ചെയ്തത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സാമ്പത്തികസഹകരണത്തോടെ നിർമിച്ച ഈ ഫോണ്ട് ലോക മാതൃഭാഷാദിനത്തിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.

ഗായത്രി ഫോണ്ടിന്‍റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ബിനോയ് ഡൊമിനിക് ആണ്. ഓപ്പണ്‍ടൈപ്പ് എഞ്ചിനീയര്‍ കാവ്യ മനോഹര്‍ ആണ്. ഫോണ്ട് രൂപകല്‍പ്പന ഏകോപിപ്പിച്ചത് സന്തോഷ് തോട്ടിങ്ങലാണ്. ഡോ വി ആർ പ്രബോധചന്ദ്രൻ നായർ ആണ് പ്രകാശനം നിർവഹിച്ചത്. ഡോ. എ പി കുട്ടികൃഷ്ണൻ സ്വീകരിച്ചു.

തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂട്ടക്ഷരങ്ങൾ പരമാവധി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപിസഞ്ചയമാണ് ഗായത്രി. ഇതിന് മുന്‍പ് തന്നെ 12ഒളം വിവിധ ഫോണ്ടുകള്‍ സ്വതന്ത്ര്യ മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അതിനായി സാധാരണ കനത്തിലുള്ള അക്ഷരങ്ങള്‍ക്ക് പുറമെ കട്ടികുറഞ്ഞതും ( thin ) കട്ടികൂടിയതുമായ ( bold ) പതിപ്പുകള്‍ക്കൂടി ഉള്‍പ്പെടുന്ന മൂന്ന് ഫോണ്ടുകളാണ് അവതരിപ്പിച്ചത്. മല­യാ­ള­ത്തി­നു പു­റ­മേ ഇം­ഗ്ലീ­ഷ്/ലാ­റ്റിൻ അക്ഷ­ര­ങ്ങ­ളും ഈ ഫോ­ണ്ടി­ലു­ണ്ട്.  മലയാളം അക്ഷരങ്ങളുടെ ശൈലിയ്ക്കനുസൃതമായാണു് ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിട്ടുള്ളതു്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്‍റെപതിനൊന്നാമത്തെ മലയാളം ഫോണ്ടായി മഞ്ജരി ശില്പിയായ സന്തോഷ് തോട്ടിങ്ങല്‍ രൂപകല്‍പ്പന ചെയ്തിരുന്നു.മഞ്ജരിയുടെ സാങ്കേതിക സാക്ഷാത്ക്കാരത്തിലും കനം കുറഞ്ഞ പതിപ്പിന്‍റെ രൂപകല്‍പ്പനയിലും സഹകരിച്ചത് കാവ്യ മനോഹര്‍ ആണ്. ഗായത്രിയുടെ പൂര്‍ണ രൂപം തയ്യാറാക്കുന്നതിന് ഏകദേശം ഒരുവര്‍ഷത്തോളം സമയമെടുത്തു.

ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍: https://smc.org.in/fonts#gayathri