റിയാദ്: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാർ തമ്മിലുള്ള വാക്കുതർക്കത്തിനിടെ മലയാളി സെയിൽസ്‍മാൻ കുത്തേറ്റ് മരിച്ചു. പാൽവിതരണ വാനിലെ സെയിൽസ്‍മാനായിരുന്ന കൊല്ലം, മൈലക്കാട്, ഇത്തിക്കര സ്വദേശി സീതാ മന്ദിരത്തിൽ പരേതനായ സദാനന്ദന്റേയും സീതമ്മയുടേയും മകൻ സനൽ (35) ആണ് കൊല്ലപ്പെട്ടത്.
കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‍സയിൽ ജബൽ ഷോബക്കടുത്ത് ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. സഹായിയായി കൂടെയുണ്ടായിരുന്ന ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ മരിച്ചതെന്ന് കരുതുന്നു. കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്. ഒരു വർഷം മുമ്പാണ് ഇയാൾ ജോലിക്കായി അൽഅഹ്‍സയിലെ ബ്രാഞ്ചിലെത്തിയത്. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക് കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നു.
ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഈ തർക്കം മുർച്‍ഛിച്ചാകാം കൊലപാതകത്തിൽ കലാശിച്ചത്. ജോലിക്കിടയിൽ വഴിയരികിലാണ് സംഭവം നടന്നത്. പൊലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അധികം തിരക്കില്ലാത്ത സ്ഥലമായതിനാൽ അൽപം വൈകിയാണ് സമീപത്തുകൂടി പോകുന്നവരുടെ ശ്രദ്ധയിൽ പെട്ടത്. പൊലീസ് എത്തിയപ്പോഴേക്കും സനൽ മരിച്ചിരുന്നു.
ആശുപത്രിയിലുള്ള ഘാന സ്വദേശിയെ ചോദ്യം ചെയ്‍താലേ സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. എന്നാൽ ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണ്. 10 വർഷമായി സനൽ അൽഅഹ്‍സയിലുണ്ട്. . തന്റെ കൂടെയുള്ള ഘാന സ്വദേശി വലിയ ദേഷ്യക്കാരനാണന്നും മറ്റാരും അവനെ ജോലിക്ക് കൂട്ടാറില്ലെന്നും മറ്റ് മാർഗമില്ലാത്തത് കൊണ്ടാണ് താൻ അവനെ കൂടെ കൊണ്ട് പോകുന്നതെന്നും സനൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.