ദുബായ്: മൂന്നരവർഷക്കാലമായി തൊഴിലുടമയ്‍ക്ക് വേണ്ടി ദുബായ് കോടതിയിൽ ജാമ്യം നൽകിയ പാസ്‍പോർട്ട് തിരികെ ലഭിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ സഞ്ചു കുന്നുംപുറത്ത് (25) നാണ് സൗജന്യ നിയമസഹായത്തിലൂടെ നീതി ലഭിച്ചത്. ജോലി ചെയ്‍തിരുന്ന കമ്പനിയുടെ ഉടമയായ കണ്ണൂർ സ്വദേശി ഷാമിൽ കുമാറിന് ബിസിനസുമായി ബന്ധപ്പെട്ട് 1,79,280 ദിർഹംസ് (35 ലക്ഷം ഇന്ത്യൻ രൂപ) ബാധ്യതയുണ്ടായതിനെ തുടർന്ന് ദുബായിലെ മറ്റൊരു റിയൽ എസ്റ്റേറ്റ് കമ്പനി ഇയാൾക്കെതിരെ കേസ് നൽകുകയായിരുന്നു.
ഇതിനെ തുടർന്ന് ട്രാവൽ ബാൻ വന്ന കമ്പനി ഉടമ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി തന്റെ ജീവനക്കാരനായ സഞ്ചുവിനെ ബാധ്യത ഏറ്റെടുത്തുകൊണ്ട് പാസ്‍പോർട്ട് ജാമ്യത്തിൽ വെപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഷാമിൽ കുമാർ അവിടെവെച്ചു മരണമടയുകയും മൊത്തത്തിലുള്ള ബാധ്യത സഞ്ചു ഏറ്റെടുക്കേണ്ടതായും വന്നു. ശേഷം വിസ പുതുക്കുവാനോ നാട്ടിലേക്ക് മടങ്ങുവാനോ കഴിയാതെ നിയമകുരുക്കിൽ അകപ്പെട്ട് പ്രതിസന്ധിയിലായ സഞ്ചു ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഒട്ടനവധിയാളുകളെ സമീപിച്ചുവെങ്കിലും യാതൊരു പരിഹാരവും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് കോഴിക്കോട് സ്വദേശിയും ബേപ്പൂർ പ്രവാസി കൂട്ടാഴ്മയിലെ അംഗവുമായ സഫ്രാജ്, കണ്ണൂർ സ്വദേശിയും ലോക കേരള സഭ അംഗവുമായ ഡോ.എൻ.കെ.സൂരജ് എന്നിവർ മുഖാന്തിരം യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹം നൽകിയ സൗജന്യ നിയമ സഹായത്തിലൂടെയാണ് 70 ലക്ഷം രൂപ അടക്കമുള്ള നടപടികൾ റദ്ദാക്കികൊണ്ട് സഞ്ചുവിന് പാസ്‍പോർട്ട് തിരികെ ലഭിച്ചത്.