![saudi-obit-mujeeb-rahman_890x500xt](https://i0.wp.com/www.pravasiexpress.com/wp-content/uploads/2023/04/saudi-obit-mujeeb-rahman_890x500xt.jpg?resize=696%2C391&ssl=1)
റിയാദ്: മാർച്ച് 11-ന് സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയന്‍ മുജീബ് റഹ്മാന്‍ (32) ആണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) സംഭവസമയത്ത് തന്നെ മരിച്ചിരുന്നു. അൽഖർജിൽ ജോലി ചെയ്തിരുന്ന മുജീബ്‌റഹ്മാന്റെയും ഹംസയുടെയും കുടുംബങ്ങൾ സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഹംസ പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും ഭാര്യ ഖൈറുന്നിസ സംഭവസ്ഥലത്ത് മരിക്കുകയും ഇളയ മകൻ മുഹമ്മദ് റൈഹാനും ഒപ്പം കാറിലുണ്ടായിരുന്ന മുജീബ്, ഭാര്യ റിഷ്വാന ഷെറിൻ, മകൻ ഹെമിൽ റഹ്‌മാൻ എന്നിവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവരെയെല്ലാം പിന്നീട് നാട്ടിൽ കൊണ്ടുപോയി. മുജീബിനെ സ്ട്രെച്ചറിൽ മാർച്ച് 22-നാണ് നാട്ടിലെത്തിച്ചത്. അവിടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.