ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മിസ്സ് ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിവലിൽ മിസ്സ് ടീൻ ഇന്ത്യ 2021 കിരീടം ചൂടി മിഷിഗണിൽ നിന്നുള്ള മലയാളി പെൺകൊടി. കോഴിക്കോട് നാദാപുരം സ്വദേശിയായ നവ്യ പൈങ്ങോൽ ആണ് മിസ്സ് ടീൻ ഇന്ത്യ എന്ന അതുല്യ നേട്ടത്തിന് അർഹയായിരിക്കുന്നത്. ഒരു മലയാളി ആദ്യമായിട്ടാണ് ഈ കിരീടം സ്വന്തമാക്കുന്നത് എന്ന പ്രത്യേകത കൂടി നവ്യയുടെ നേട്ടത്തിനുണ്ട്.
ഇന്ത്യൻ വംശജർ വാസമുറപ്പിച്ചിട്ടുള്ള വിവിധ ലോക രാഷ്ട്രങ്ങളിൽ കഴിഞ്ഞ മുപ്പതു വർഷമായി ഇന്ത്യക്കാരായ യുവപ്രതിഭകളെ കണ്ടെത്തി വിവിധ തലങ്ങളിൽ മാറ്റുരച്ച് വിജയിയാവുന്നവരെയാണ് മിസ്സ് ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന കിരീടമണിയിക്കുന്നത്.
മിഷിഗൺ സർവകലാശാലയിൽ നിന്നും എം ബി ബി എസ് പ്രവേശനം നേടിയിരിക്കുന്നു നവ്യ നല്ലൊരു നർത്തകിയും ഗായികയും കൂടിയാണ്. മിഷിഗണിലെ റിയൽട്ടും സാമൂഹിക പ്രവർത്തകനുമായ വാണിമേൽ സ്വദേശി സുനിൽ പൈങ്ങോലിന്റെയും ചാനൽ അവതാരകയും നർത്തകിയുമായ ഷോളി നായരുടെയും മകളാണ് നവ്യ.
1990 ൽ ധർമ്മാത്മാ ശരൺ മുൻകൈയെടുത്തു സ്ഥാപിച്ച മിസ്സ് ഇന്ത്യ വേൾഡ് വൈഡ് മുൻവർഷങ്ങളിൽ ടീൻ ഇന്ത്യ പട്ടം നൽകി ആദരിച്ച പ്രമുഖരിൽ ബോളിവുഡ് നായികയും ഓസ്‌ട്രേലിയക്കാരിയുമായ പല്ലവി ഷർദ, ഇന്ത്യൻ ടെലിവിഷൻ താരവും കാനഡയിൽ താമസിക്കുന്ന ഉപേക്ഷ ജെയിൻ, ഹോങ്കോങ്ങിൽ നിന്നുള്ള നിരുപമ ആനന്ദ്, യൂ. കെയിൽ നിന്നുള്ള നേഹൽ ബൊഗൈദ, സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ശാരിക സുഖദൊ തുടങ്ങിയവർ ഉൾപ്പെടുന്നു. ഒരു മലയാളി ആദ്യമായാണ് മിസ്സ് ടീൻ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.