മലേഷ്യ എയര്‍ലൈന്‍സ്‌ ഡിസംബര്‍ മുതല്‍ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു

1

കൊലാലമ്പൂര്‍ : തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെ യാത്രക്കാരുടെ ഇഷ്ടസര്‍വീസായിരുന്ന മലേഷ്യ എയര്‍ലൈന്‍സ്‌ കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു . മലേഷ്യ , സിംഗപ്പൂര്‍ ,ഓസ്ട്രേലിയ ,ന്യൂസീലാണ്ട് എന്നിവിടങ്ങളിലെ മലയാളികള്‍ക്ക് ഏറെ ഉപയോഗപ്രദമായ സര്‍വീസ് അവധിക്കാല സീസണില്‍ തുടങ്ങുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസകരമായ വാര്‍ത്തയാണ് . മലേഷ്യയിലെ കൊലാലമ്പൂരില്‍ നിന്ന് തിങ്കള്‍ , വ്യാഴം , ശനി ,ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.55-ന് പുറപ്പെട്ട് 11.35-ന് കൊച്ചിയില്‍ എത്തുന്ന രീതിയിലാണ്‌ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത് .
സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇരുവശത്തേക്കും വെറും ഒന്നര മണിക്കൂര്‍ ട്രാന്‍സിറ്റ് മാത്രമെടുക്കുന്ന രീതിയിലുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭ്യമാണ് . രണ്ട് മണിക്കൂറില്‍ താഴെയുള്ള കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഓസ്ട്രേലിയന്‍ യാത്രക്കാര്‍ക്കും ലഭിക്കുന്ന രീതിയിലുള്ള സമയക്രമമാണ് മലേഷ്യ എയര്‍ലൈന്‍സ്‌ പ്രഖ്യാപിച്ചിരിക്കുന്നത് .

സൗജന്യമായി ഭക്ഷണം നല്‍കുന്നതോടൊപ്പം 35kg വരെ ബാഗേജ് എക്കണോമി ഫ്ലെക്സ് ടിക്കറ്റുകളില്‍ നല്‍കുമെന്ന വാഗ്ദാനമാണ് വിമാനകമ്പനി മുന്നോട്ടുവയ്ക്കുന്നത് . ബോയിംഗ് 737-800 വിമാനത്തില്‍ 12 ബിസിനസ്സ് ക്ലാസ് സീറ്റുകളും 162 എക്കോണമി ക്ലാസ്സ്‌ സീറ്റുകളും ഉണ്ടായിരിക്കും .

സിംഗപ്പൂര്‍ മലയാളികള്‍ക്ക് പഴയ രീതിയിലുള്ള വന്‍ഓഫറുകള്‍ പ്രഖ്യാപിക്കാത്തത് യാത്രക്കാര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് . ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 565 സിംഗപ്പൂര്‍ ഡോളര്‍ മുതലാണ് അരഭിക്കുന്നത് . ബുക്കിംഗ് തുടങ്ങി കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വന്‍തോതിലുള്ള ആവശ്യക്കാര്‍ ഓസ്ട്രേലിയ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ ഡിസംബര്‍ മാസത്തിലെ ഏകദേശം മുഴുവന്‍ എക്കണോമി ക്ലാസ്സ്‌ ടിക്കറ്റുകളും ഇതിനോടകം വിറ്റുതീര്‍ന്നതും പല യാത്രക്കാര്‍ക്കും നിരാശ നല്‍കുന്ന കാര്യമാണ് . പുതിയ സര്‍വീസുകള്‍ വന്നിട്ടും ഡിസംബര്‍ മാസത്തിലെ നിലവിലെ ആവശ്യകത നികത്താന്‍ സാധിക്കുന്നില്ലായെന്നതാണ് വസ്തുത .

നിലവില്‍ മലേഷ്യയില്‍ നിന്ന് എയര്‍ ഏഷ്യ , ബാതിക് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട് . ദിവസേന രണ്ട് സര്‍വീസുകള്‍ വീതം എന്ന നിലയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സും സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.