കണ്ണൂര്‍: മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസായിരുന്നു. തലശ്ശേരി മാളിയേക്കൽ തറവാട്ടില്‍ ജനിച്ച മറിയുമ്മയുടെ ജീവിതം എതിർപ്പുകളോട് പോരടിച്ചായിരുന്നു. മതപണ്ഡിതൻ കൂടിയായ ഓവി അബ്ദുള്ളയുടെ മകളാണ് മറിയുമ്മ. മകളെ കോൺവെന്‍റ് സ്കൂളിലയച്ചായിരുന്നു ഓവി അബ്ദുള്ള പഠിപ്പിച്ചത്. മകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിന് എതിരെ നാട്ടില്‍ വലിയ രീതിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.
പെൺകുട്ടികളെ സ്കൂളില്‍ അയക്കുന്നത് തെറ്റായിക്കണ്ട യാഥാസ്ഥിതികർ വഴിയിൽ വച്ച് മറിയുമ്മയെ തടയുകയും മുഖത്ത് കാർക്കിച്ച് തുപ്പുകയും ചെയ്തു. മറിയുമ്മ എല്ലാ എതിർപ്പും മറികടന്ന് പഠിച്ചു. വിമൻസ് സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരായി പോരാടി. തലശ്ശേരി കലാപകാലത്ത് സമാധാനത്തിനായി മുന്നിട്ടിറങ്ങി. മാളിയേക്കൽ തറവാട്ടുകാർ ഒരു റേഡിയോ വാങ്ങിയതും അക്കാലത്ത് നാട്ടിൽ ഉണ്ടാക്കിയ പുകിൽ ചെറുതല്ല. റേഡിയോ ചെകുത്താന്‍റെ വീടാണെന്ന് പറഞ്ഞായിരുന്നു ആക്രോശം. റേഡിയോയെക്കുറിച്ച് ഒരു പാട്ട് എഴുതിയാണ് എതിർത്തവരെ അന്ന് മറിയുമ്മ നേരിട്ടത്.
1943 ൽ മിലിറ്ററി റിക്രൂട്ട്മെന്‍റ് ഏജന്‍റ് മായിൻ അലിയെ മറിയുമ്മ കല്യാണം കഴിച്ചു. വിമൻസ് സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരായി പോരാടി. തുന്നൽ ക്ലാസ് നടത്തി. എംഇഎസ്സിന്‍റെ സമ്മേളനത്തിൽ കോഴിക്കോട് പോയി പ്രസംഗിച്ചു. ആ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്ക് മറിയുമ്മാന്‍റെ ഇംഗ്ലീഷ് കേട്ട് കൈയ്യടിക്കാതെ പോകാനായില്ലെന്നതാണ് യാഥാർത്ഥ്യം.
തലശ്ശേരി കലാപം ആണ് ജീവിതത്തിലെ മറക്കാനാകാത്ത നോവെന്ന് മറിയുമ്മ പറയുമായിരുന്നു. പുതിയ തലമുറയിലെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ മറിയുമ്മ കണ്ണിറുക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു, ‘പെൺകുട്ടികൾ പെട്ടെന്ന് കല്യാണം കഴിക്കാൻ പാടില്ല, നല്ലോണം പഠിക്കണം, ജോലി നേടണം, എന്നിട്ട് ജീവിതത്തിൽ നമുക്ക് പറ്റിയ ആളെ പരിചയപ്പെടുകയാണെങ്കിൽ കല്യാണം കഴിച്ചോ’. പെരുന്നാൾ അമ്പിളിക്കല പോലുള്ള ചിരിയായിരുന്നു എന്നും മാളിയേക്കൽ മറിയുമ്മ. മറിയുമ്മ മടങ്ങുമ്പോൾ ബാക്കിയാകുന്നത് ഒരുകാലത്തിന്‍റെ പോരാട്ട ഓർമ്മകളാണ്. ഖബറടക്കം രാത്രി തലശ്ശേരി അയ്യലത്ത് ഖബർസ്ഥാനിൽ നടക്കും.