പകരംവെക്കാനില്ലത്ത നടനവൈഭവത്തിന്റെ മൂർത്തീഭാവമായ മലയാളത്തിന്റെ സ്വന്തം വല്യേട്ടന്, സർവോപരി നമ്മുടെയെല്ലാം പ്രിയങ്കരനായ മമ്മൂക്കയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് പകർന്നാട്ടത്തിന്റെ ഈ അമരക്കാരന് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്.
സിനിമ ഒ.ടി.ടിയിലെത്തിയ കാലത്തും പ്രായത്തെ വെല്ലുന്ന ലുക്കും, തനിയാവർത്തനമില്ലാത്ത വേഷപ്പകർച്ചകളുമാണ് പി കെ മുഹമ്മദ് കുട്ടി എന്ന ഈ മഹാനടനെ വ്യത്യസ്തനാക്കുന്നത്. അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.
1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബർമതി, ദേവലോകം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാൻ ഒൻപത് വർഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യപ്രതിഭയ്ക്ക്. 1980 ലെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആ വർഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയർന്നു.
പിന്നീട് 87ൽ പുറത്തിറങ്ങിയ ന്യൂഡൽഹിയിലൂടെയും തനിയാവർത്തനത്തിലൂടെയുമാണ് മമ്മൂട്ടി എന്ന നടന്റെ താരോദയം സംഭവിക്കുന്നത്. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹിയിയെന്ന ചിത്രത്തിൽ ജി.കെ കൃഷ്ണമൂർത്തി എന്ന ജേര്ണലിസ്റ്റായി എത്തിയ മമ്മൂട്ടിയെ മലയാളത്തിന്റെ സിനിമ ആരാധകർ ഹൃദയത്തിലേറ്റുകയായിരുന്നു. പിന്നെ 1988 ൽ ഒരു സിബിഐ ഡയറിക്കുറുപ്പിൽ തുടങ്ങി സിബിഐ സിനിമാ സീരീസ്. പിന്നെ യവനികയിലൂടെയും യാത്രയിലൂടെയും അതിരാത്രത്തിലൂടെയും മമ്മൂട്ടി ഇന്ത്യൻ വെള്ളിത്തിരയെത്തന്നെ ഭ്രമിപ്പിച്ചു.
ഒരു വടക്കൻ വീരഗാഥ,വിധേയൻ, പൊന്തൻമാട, അംബേദ്‌കർ, വാത്സല്യം, ജാഗ്രത,ദ കിംഗ്, കാർണിവൽ, ഭൂതകണ്ണാടി,വല്യേട്ടൻ,ഡി ട്രൂത്, ഹിറ്റ്ലർ ,രാജമാണിക്യം, അണ്ണൻ തമ്പി, തുറുപ്പ് ഗുലാൻ, കോട്ടയം കുഞ്ഞച്ചൻ, പ്രാഞ്ചിയേട്ടൻ ആറ് ദി സെയ്ന്റ്, അഴകിയ രാവണൻ, മനു അങ്കിൾ, തൊമ്മനും മക്കളും പതിനെട്ടാംപടി, ബിഗ്ബി, ചതുർമുഖം, മാസ്റ്റർപീസ്, ഇൻസ്പെക്റ്റർബൽറാം,ബാൽറാംവെസ്സസ് താരാദാസ്, രാപകൽ, ഒരേകടൽ, അങ്ങനെ അങ്ങനെ അഞ്ചു പതിറ്റാണ്ടുകൊണ്ട് ഒരുപിടി സിനിമകളിലൂടെ തനിയാവർത്തനമില്ലാത്ത വേഷപ്പകർച്ചകളിലൂടെ മമൂക്ക ആടിത്തീർതത്ത് നിരവധി കഥാപാത്രങ്ങളാണ്.
മലയാളത്തിൽ മാത്രം ആ നടനവൈഭവം ഒതുങ്ങിയില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മമ്മൂട്ടി കഴിവ് തെളിയിച്ചു. മണി രത്നത്തിന്റെ തളപതിയിലും, രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അസാധ്യ പ്രകടനം തന്നെ കാഴ്ചവെച്ചു.
കഥാപാത്രങ്ങളുടെ വൈവിധ്യത്തിനപ്പുറം നല്ലവ്യക്തിത്വം കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മമ്മൂട്ടി മറ്റെല്ലാവർക്കും മാതൃകയായി. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന കേവലമൊരു നടനായി മാത്രം മമ്മൂട്ടിയെന്ന പ്രതിഭയെ എഴുതിത്തള്ളാന്‍ കഴിയില്ല. ഓരോ കാലത്തിലെയും സിനിമ-സിനിമേതര കാര്യങ്ങളുടെ ഭാഗമായി മാറി കലാകാരന്റെ സാമൂഹിക പ്രതിബദ്ധത അദ്ദേഹം പുലര്‍ത്തി.